മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്‍ ഇറങ്ങി പോയി. കെഎസ്‌യു നേതാവിന് മാർക്ക് ദാനം ചെയ്തു എന്ന എസ്എഫ്ഐ ആരോപണം, വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിലെ വിവാദം എന്നിവ ചർച്ച ചെയ്യാനായിരുന്നു സെനറ്റ് യോഗം ചേർന്നത്.
'വേടനെ ഭയക്കുന്ന വിസി ആർഎസ്എസ് ഏജൻറ്' എന്ന ബാനറുമായാണ് ഇടത് അംഗങ്ങൾ പ്രതിഷേധിച്ചത്. പിന്നാലെ വിസി യോഗത്തിൽ നിന്നും ഇറങ്ങിപോവുകയായിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ട ഡോ. പി. രവീന്ദ്രൻ, സെനറ്റ് യോഗം ബാലിശമായ കാര്യങ്ങൾക്കായി അലങ്കോലപ്പെടുത്തുകയാണെന്ന് ആരോപിച്ചു. സർവകലാശാലയുടെ ഭാവിയെ തകർക്കുന്ന നിലപാടാണ് പ്രതിഷേധക്കാർ തുടരുന്നത്. തെറ്റായ രീതിയിൽ ദുഷ്പ്രചരണം നടത്തുകയാണെന്നും വിസി പറഞ്ഞു.
കെഎസ്‌യു നേതാവിന് മാർക്ക് ദാനം ചെയ്തെന്ന ആരോപണത്തിലും വിസി പ്രതികരിച്ചു. ഒരു വിസിക്കും മാർക്ക് ദാനം നൽകാനും കഴിയില്ല. അക്കാദമിക് മികവുള്ള വിദ്യാർഥി പ്രൊജക്ടിൽ പരാജയപ്പെടുന്നത് അപൂർവമാണ്. പ്രൊജക്ട് ഒഴികെ എല്ലാ വിഷയങ്ങളിലും നല്ല മാർക്കിൽ വിജയിച്ചതാണ്.നിയമ പരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മാർക്ക് നൽകിയതെന്നും പി. രവീന്ദ്രന്‍ പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിലെ പാഠ്യപദ്ധതിയിൽ നിന്ന് റാപ്പർ വേടൻ്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാനുള്ള വിദഗ്ധ സമിതി റിപ്പോർട്ടിനെ ചൊല്ലി വ്യാപക പ്രതിഷേധം ഉയരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ സർവകലാശാലയുടെ ഈ നീക്കത്തെ വിമർശിച്ച് രംഗത്തെത്തി.
പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് വിദഗ്‌ധ സമിതിയെ നിയോഗിച്ചത്. കാലിക്കറ്റ് സർവകലാശാല ബിഎ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽ നിന്ന് വേടൻ്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്. മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീറാണ് പഠനം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. വേടൻ്റെ പാട്ട് വിദ്യാർഥികൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും പകരം മറ്റാരുടേയെങ്കിലും കാമ്പുള്ള രചന ചേർക്കണമായിരുന്നു എന്നും ബിജെപി നേതാവിൻ്റെ പരാതിയിൽ ഉണ്ടായിരുന്നത്.
ഗൗരി ലക്ഷ്മിയുടെ 'അജിത ഹരേ മാധവ' ദൃശ്യവിഷ്‌കാരവും സിലബസിൽ നിന്ന് മാറ്റണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കഥകളി സംഗീതവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യ പഠനം പരിധിക്കപ്പുറമെന്ന് കാണിച്ചാണ് ഒഴിവാക്കാനുള്ള നിർദേശം.
ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടും ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ'യും ഉള്‍പ്പെടുത്തിയിരുന്നത്. മൈക്കിള്‍ ജാക്‌സന്റെ 'ദെ ഡോണ്‍ട് കെയർ എബൗട്ട് അസ്' നൊപ്പമാണ് 'ഭൂമി ഞാന്‍ വാഴുന്നിടം' താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.