ശബരിമല നെയ്യ് ക്രമക്കേടിലെ വിജിലൻസ് എഫ്ഐആർ പുറത്ത്  
KERALA

'പ്രതികൾ പ്രവർത്തിച്ചത് അന്യായമായ ലാഭമുണ്ടാക്കാൻ'; ശബരിമല നെയ്യ് ക്രമക്കേടിലെ വിജിലൻസ് എഫ്ഐആർ പുറത്ത്

നെയ്യ് ക്രമക്കേടിലൂടെ ദേവസ്വം ബോർഡിനുണ്ടായത് 2.27 കോടി രൂപയുടെ നഷ്ടമാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലേക്ക് നെയ്യ് വാങ്ങിയ ഇടപാടില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി പ്രവർത്തിച്ചത് അന്യായ ലാഭമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ ആണെന്ന വിവരങ്ങൾ പുറത്ത് വന്നു. ഇതുവഴി ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ എഫ്ഐആറിൽ പറയുന്നു.

ദേവസ്വം കമ്മീഷണറുടെ എതിർപ്പ് അവഗണിച്ച്, യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെയാണ് മിൽമയിൽ നിന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങാൻ തീരുമാനിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ, അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരെ ഒന്നു മുതൽ മൂന്നു വരെ പ്രതികളാക്കിയാണ് എസ്ഐടി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2024-ലെ മണ്ഡലകാലത്ത് അടുത്ത സീസണിലേക്കായി വിളിച്ച ടെൻഡറിൽ ലിറ്ററിന് 369 രൂപയ്ക്ക് നെയ്യ് നൽകാൻ തമിഴ്‌നാട്ടിലെ കുങ്കുമരാജ് ഡയറി തയ്യാറായിരുന്നു. ഗുണനിലവാര പരിശോധനയിൽ വിജയിച്ചിട്ടും കാരണം വ്യക്തമാക്കാതെ ആ ടെൻഡർ റദ്ദാക്കി.

തുടർന്നാണ് ടെൻഡറിൽ പങ്കെടുക്കാതിരുന്ന മിൽമയിൽ നിന്ന് ലിറ്ററിന് 510 രൂപയ്ക്ക് നേരിട്ട് നെയ്യ് വാങ്ങാൻ പി.എസ്. പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒത്തുകളിച്ചത്. ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണം കവർച്ചയിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനും അജികുമാറിനും പുതിയ കുരുക്കായി മാറിയിരിക്കുകയാണ് ഈ കണ്ടെത്തലുകൾ.

SCROLL FOR NEXT