Source: Social Media
KERALA

അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടില്ല; പുനർജനി കേസിൽ വി.ഡി. സതീശന് എതിരെ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് പുറത്ത്

പുനർജനി പദ്ധതിയുടെ പേരിൽ ഫണ്ട് പിരിവ് നടത്തിയതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരെ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബറിൽ നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുനർജനി പദ്ധതിയുടെ പേരിൽ ഫണ്ട് പിരിവ് നടത്തിയതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. പദ്ധതിയെ സംബന്ധിക്കുന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.

എന്നാൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശയിൽ കേസ് നിയമപരമായി നിലനിൽക്കില്ല, എന്തു വന്നാലും രാഷ്ട്രീയമായി നേരിടുമെന്നുമായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. ഒരു വ‌ർഷം മുൻപ് നടത്തിയ ശുപാ‌ർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ നീക്കമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. പുനര്‍ജനിയുമായുള്ള എല്ലാകാര്യങ്ങളും കൃത്യമാണ്. എഫ്‌സിആര്‍എ നിയമം ലംഘിച്ചു എന്നാണ് ആക്ഷേപം. വിഷയത്തില്‍ പ്രതികരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചു നോക്കട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പേരിൽ 2018 ലെ പ്രളയ ബാധിതരെ സഹായിക്കാൻ വി.ഡി. സതീശൻ ആവിഷ്കരിച്ച പദ്ധതിയാണ് വിവാദമായത്. വിദേശ സഹായവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ ബർമിങ്ഹാമിലെത്തി പണം പിരിച്ചെന്ന് വി.ഡി. സതീശൻ സമ്മതിക്കുകയും ചെയ്തിരുന്നു. നിയമസഭാ സെക്രട്ടറിയേറ്റിൻ്റെ അനുമതിയില്ലാതെയാണ് പ്രതിപക്ഷ നേതാവ് വിദേശയാത്രകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരിൻ്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്നായിരുന്നു സതീശൻ്റെ വാദം.

SCROLL FOR NEXT