എറണാകുളം: മൂവാറ്റുപുഴ കടാതി യാകോബായ സുറിയാനി പള്ളിയിൽ വെടിമരുന്നിനു തീപിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെയാണ് കേസെടുത്തത്. സ്ഫോടകവസ്തു നിയമ ലംഘനം പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഇന്ന് രാവിലെ 8.45ഓടെയാണ് കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാകോബായ സുറിയാനി പള്ളിയിൽ വെടിമരുന്നിനു തീപിടിച്ച് സ്ഫോടനമുണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കുകയും ഒരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘനം പ്രകാരവുമുള്ള വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. പള്ളി വികാരി ഫാ. ബിജു വർക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കടാതി സ്വദേശിയായ രവിയാണ് അപകടത്തിൽ മരിച്ചത്. സഹായി ജയിംസിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് പള്ളിയിലെ പെരുന്നാൾ ചടങ്ങുകൾ പ്രദക്ഷിണം മാത്രമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് പള്ളി ഒരു ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റയാളുടെ ചികിത്സാച്ചെലവും പൂർണമായും പള്ളി വഹിക്കും.