വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പയ്യമ്പള്ളി വില്ലേജ് ഓഫീസറായ കെ.ടി. ജോസിനെയാണ് വിജിലൻസ് പിടിക്കൂടിയത്. തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകാനാണ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്.
തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകാനാണ് കെ.ടി. ജോസ് പയ്യമ്പള്ളി സ്വദേശിയിൽ നിന്നും അൻപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടതോടെ പയ്യമ്പള്ളി സ്വദേശി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കൈക്കൂലി പണം കൈമാറുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസറെ കൈയ്യോടെ പൊക്കി.
വള്ളിയൂർക്കാവ് ക്ഷേത്ര പരിസരത്തെ വെയ്റ്റിംഗ് ഷെഡ്ഡിൽ വെച്ചാണ് പണം കൈമാറിയത്. കൈപ്പറ്റിയ 50000 രൂപ വാഹനത്തിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഫിനോൾഫ് തലീൻ ടെസ്റ്റ് പോസിറ്റീവായതായും വിജിലൻസ് അറിയിച്ചു. ഡിവൈഎസ്പി ഷാജി വർഗീസിൻ്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.