സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തു; വിവിധ ജില്ലകളിൽ മഴക്കെടുതി രൂക്ഷം

പേട്ടയിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴി തെറ്റിയ കാറ് വെള്ളക്കെട്ടിൽ കുടുങ്ങി.
സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തു; വിവിധ ജില്ലകളിൽ മഴക്കെടുതി രൂക്ഷം
Source: News Malayalam 24x7
Published on

സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തു. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴ. കൊച്ചി തൃപ്പൂണിത്തുറയിൽ വീടുകളിൽ വെള്ളംകയറി. പേട്ടയിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴി തെറ്റിയ കാറ് വെള്ളക്കെട്ടിൽ കുടുങ്ങി. തൃശൂരിലും പാലക്കാട്ടും പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരുകയാണ്.

എറണാകുളത്ത് പുലർച്ചെ രണ്ടിന് ആരംഭിച്ച മഴ രാവിലെ ഏഴുവരെ നീണ്ടു. കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിൽ യാത്രക്കാർ ബുദ്ധിമുട്ടി. നിർമാണം പുരോഗമിക്കുന്ന ദേശീയ പാത 66 ചെളിക്കുഴിയായി മാറി. കളമശേരി വിആർ തങ്കപ്പൻ റോഡിലും വെള്ളം കയറി. തൃപ്പൂണിത്തുറയിലും, തൃക്കാക്കരയിലും, പശ്ചിമ കൊച്ചിയിലും, ആലുവയിലും കനത്ത മഴയാണ് പെയ്തത്. മൂവാറ്റുപുഴ, പെരിയാർ നദികളിൽ ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലകളായ പിറവം, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. തീരദേശ മേഖലകളിലെ റോഡുകളിലും വെള്ളക്കെട്ടുണ്ട്.

എറണാകുളത്ത് രാവിലെ പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിലാണ് കാർ വീണത്. തൃപ്പൂണിത്തുറ പേട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ രക്ഷപ്പെട്ടു. നാട്ടുകാരും, പൊലീസും, ഫയർ ഫോഴ്സും ചേർന്ന് ഏറെ നേരം പണിപ്പെട്ടശേഷം ക്രയിൻ ഉപയോഗിച്ച് കാർ ഉയർത്തി.

തൃശൂരിൽ രണ്ടു മണിക്കൂറോളം ശക്തമായ മഴ തുടർന്നു. ചേലക്കര വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പുത്തൂർ വെട്ടുകാട് ഏഴാംകല്ലിൽ വീടുകളിൽ വെള്ളം കയറി. ചാലക്കുടിപ്പുഴയിൽ ശക്തമായ കുത്തൊഴുക്ക് തുടരുകയാണ്. ഇതേ തുടർന്ന് അതിരപ്പിള്ളി - വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. പെരുമഴ പെയ്ത്തിൽ വാഴച്ചാലിലും വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ശക്തമായ മഴയിൽ പാലപ്പിള്ളി കല്ലൂർ മേഖലയിലെ വീടുകളിൽ വെള്ളം കയറി. കല്ലൂരിലെ കിഴക്കൻ മേഖല മണ്ണിടിച്ചിൽ ഭീഷണിയിലാണ്. തൃശൂരിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന യാനങ്ങൾ ശക്തമായ കാറ്റിനെ തുടർന്ന് തിരികെ മടങ്ങി.

സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തു; വിവിധ ജില്ലകളിൽ മഴക്കെടുതി രൂക്ഷം
മുന്നൂറോളം കുട്ടികള്‍, പക്ഷേ സുരക്ഷിതമല്ല; ആറന്മുളയില്‍ സ്കൂളിന്റെ ഫിറ്റ്നസ് റദ്ദാക്കി

പാലക്കാട് നെല്ലിയാമ്പതി അടക്കമുള്ള പ്രദേശങ്ങളിൽ കനത്തമഴ പെയ്തു. മണ്ണാർക്കാട് തെങ്കര കാഞ്ഞിരം റോഡിൽ കോൾപ്പാടം കോസ് വേ നിറഞ്ഞൊഴുകി. ഇതോടെ പാതയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. എടത്തനാട്ടുകരയിലും വാണിയംകുളം പനയൂരിലും ശക്തമായ മലവെള്ളപാച്ചിലുണ്ടായി. പനയൂരിൽ ഭയാനക ശബ്ദത്തോടെ മുറ്റത്തേക്ക് മണ്ണും കല്ലുകളും വന്ന് വീഴുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.

മലപ്പുറം കരുവാരകുണ്ടിൽ കനത്ത മഴ. ഒലിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ശക്തമായ കുത്തൊഴുക്കിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അലനല്ലൂർ എടത്തനാട്ടുകര കണ്ണംകുണ്ട് പാലത്തിലും വെള്ളം കയറി. കഴിഞ്ഞ വർഷം ഉരുൾപ്പൊട്ടലുണ്ടായ വിലങ്ങാട് നരിപ്പറ്റയിലെ കമ്മായിയിൽ മലവെള്ളപ്പാച്ചിലുണ്ടായി. പനോം ഭാഗത്തും വിലങ്ങാട് പുഴയിലും ജലനിരപ്പ് ഉയർന്നു. ഉൾക്കാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സംശയമുണ്ട്.

സുൽത്താൻ ബത്തേരിയിൽ ശക്തമായ മഴ. അര മണിക്കൂറോളം പെയ്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന റോഡുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. വരും മണിക്കൂറുകളിൽ മഴ ശക്തമായി തുടരാനാണ് സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com