വിപഞ്ചിക  NEWS MALAYALAM 24x7
KERALA

വിപഞ്ചികയുടെ ഭര്‍ത്താവിനെ ഉടന്‍ നാട്ടിലെത്തിക്കും; മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

ഷാർജയിലും കേരളത്തിലും നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കും

Author : ന്യൂസ് ഡെസ്ക്

കൊല്ലം: വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അന്വേഷണ സംഘം. കുടുംബം ആരോപിക്കുന്ന കാര്യങ്ങളില്‍ കൃത്യത വരുത്താന്‍ നീതീഷിന്റെ മൊഴിയെടുക്കും. ഷാര്‍ജയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വിശദമായി പരിശോധിക്കും.

ശരീരത്തില്‍ ചതവുകള്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിപഞ്ചികയുടെ ശരീരത്തില്‍ ചില ചതവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി മനോജ് ജി ബി പറഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ പൂര്‍ണ്ണമായും കാര്യങ്ങള്‍ മനസിലാകും.

നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിപഞ്ചികയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ കൊല്ലം കേരളപുരത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നിതീഷിനെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരും കോണ്‍സിലേറ്റും ഇടപെടണമെന്ന് വിപഞ്ചികയുടെ സഹോദരന്‍ വിനോദ് മണിയന്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 11:45യോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. ജുലൈ എട്ടിനാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗര്‍ഭിണിയായിരുന്ന സമയത്ത് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിച്ചുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും ഭര്‍തൃ പിതാവും ഭര്‍തൃ സഹോദരിയുമെന്ന് വിപഞ്ചിക ആത്മഹത്യക്കുറിപ്പില്‍ കുറിച്ചിരുന്നു.

ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറാണ് വിപഞ്ചികയുടെ ഭര്‍ത്താവ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷമായി പിണങ്ങി കഴിയുകയായിരുന്നു.

SCROLL FOR NEXT