KERALA

ദീപ്തി മേരി വര്‍ഗീസിനെ വെട്ടി, ആദ്യ ടേമില്‍ വി.കെ. മിനിമോള്‍ കൊച്ചി മേയറാകും; നൂറ് ശതമാനം ശരിയായ തീരുമാനമെന്ന് ഡിസിസി പ്രസിഡന്റ്

തന്നെ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് എന്ന് മിനിമോളും പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മേയര്‍ സ്ഥാനത്തിനായുള്ള യുദ്ധത്തില്‍ ദീപ്തി മേരി വര്‍ഗീസിനെ വെട്ടി നേതൃത്വം. വി.കെ. മിനിമോള്‍ ആദ്യ ടേമില്‍ മേയറാകുമെന്ന് പ്രഖ്യാപിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. രണ്ടാം ടേമില്‍ ഷൈനി മാത്യുവാകും മേയര്‍.

ദീപക് ജോയി ഡെപ്യൂട്ടി മേയറായും സ്ഥാനമേല്‍ക്കും. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തീരുമാനം എന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. തന്നെ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് എന്ന് മിനിമോളും പ്രതികരിച്ചു.

'മേയര്‍ സ്ഥാനത്തേക്ക് വികെ മിനിമോളെയും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ദീപക് ജോയിയെയുമാണ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥികളെ കൊണ്ടു വരാനുള്ള മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പരിഗണിച്ച് എല്ലാവരുമായും കൂട്ടായി ചര്‍ച്ച ചെയ്തും പാര്‍ലമെന്ററി പാര്‍ട്ടിയുമായി അഭിപ്രായങ്ങള്‍ ചോദിച്ചുമാണ് തീരുമാനം എടുത്തിരിക്കുന്നത്,' ഷിയാസ് പറഞ്ഞു.

എടുത്തത് 100 ശതമാനം ഉചിതമായ തീരുമാനമാണെന്നും പ്രവര്‍ത്തന പരിചയ സമ്പന്നത കൂടി കണക്കിലെടുത്തുകൊണ്ടാണ് തീരുമാനം. രണ്ടര വര്‍ഷക്കാലമാണ് ഇവരുടെ കാലാവധി. രണ്ടാം ടേമില്‍ മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെവിപി കൃഷ്ണകുമാറും ചുമതലയേറ്റെടുക്കും.

എന്നാല്‍ തന്നെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദീപ്തി മേരി വര്‍ഗീസ് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അറിയില്ലെന്നും ഷിയാസ് പറഞ്ഞു.

മുന്‍ മേയറായിരുന്ന ദീപ്തി മേരി വര്‍ഗീസ് ഇത്തവണയും മേയറാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ടേം വ്യവസ്ഥയാണെങ്കില്‍ മേയറാകാന്‍ ഇല്ലെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപ്തി മേരി വര്‍ഗീസ് തന്നെ തഴഞ്ഞെന്ന് കാണിച്ച് നേതൃത്വത്തിന് പരാതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നത്.

SCROLL FOR NEXT