വി.കെ. പ്രശാന്ത് Source: Social Media
KERALA

ഓഫീസ് മുറി വിവാദം: വി.കെ. പ്രശാന്തിന് വാടക അലവൻസ് ഇല്ല; 25,000 രൂപ നൽകുന്നത് മണ്ഡല അലവൻസായി മാത്രമെന്ന് വിവരാവകാശ രേഖ

ഓഫീസ് പ്രവർത്തിപ്പിക്കാൻ അലവൻസ് നൽകുന്നില്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നു

Author : പ്രണീത എന്‍.ഇ

തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ വി.കെ. പ്രശാന്ത് എംഎൽഎയ്ക്ക് വാടക അലവൻസ് ഇല്ലെന്ന് വിവരാവകാശ രേഖകൾ. ഓഫീസ് പ്രവർത്തിപ്പിക്കാൻ അലവൻസ് നൽകുന്നില്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നു. 25,000 രൂപ നൽകുന്നത് മണ്ഡല അലവൻസ് എന്ന നിലയിൽ മാത്രമെന്നും രേഖയിൽ ചൂണ്ടിക്കാട്ടി.

എംഎൽഎ ഓഫീസിനായി 25000 രൂപ അലവൻസ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പി. രാജീവ് രംഗത്തെത്തിയിരുന്നു. അങ്ങനൊരു അലവൻസ് എംഎൽഎമാർക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ശമ്പളവും അലവൻസും എംഎൽഎമാർക്ക് നൽകുന്ന നാടുകളിലൊന്ന് കേരളമാണെന്നും പി. രാജീവ് നേരത്തെ വിശദീകരിച്ചിരുന്നു.

ഓഫീസ് മുറിയുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന് വി.കെ.പ്രശാന്ത് എംഎൽഎ പറയുന്നു. നടക്കുന്നത് വട്ടിയൂർകാവ് മണ്ഡലം ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണത്തിലാണ്. കെ. മുരളീധരനും ശബരിനാഥനും വിഷയം മുതലെടുക്കാൻ ശ്രമിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.

കോർപ്പറേഷൻ കെട്ടിടം ഒഴിയണമെങ്കിൽ സെക്രട്ടറി നോട്ടീസ് നൽകണം. കൗൺസിലാണ് കെട്ടിടം വാടകയ്ക്ക് നൽകിയത്. അവസാനിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വ്യക്തിഹത്യ നടത്തുന്നു. ഇതിന് പിന്തുണ നൽകുന്നത് ബി ജെ പി - കോൺഗ്രസ് നേതാക്കളും. വട്ടിയൂർക്കാവ് എംഎൽഎയെ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയുമോ എന്നാണ് ഈ വിഷയത്തിലൂടെ ശ്രമിക്കുന്നത്. ടാർജറ്റ് ചെയ്തുള്ള ആക്രമണമെന്നും വി. കെ. പ്രശാന്ത് പറഞ്ഞു.

SCROLL FOR NEXT