തൃശൂർ: മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റത്തിൽ കെപിസിസിയോട് രാജി സന്നദ്ധത അറിയിച്ച് വിമത നേതാക്കൾ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ബിജെപി പിന്തുണയോടെ നേടിയ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ രാജിവെക്കാൻ തയ്യാറാണെന്ന് വിമത നേതാവ് ടി.എം ചന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ബിജെപിയുമായി ചർച്ച നടത്തിയെന്ന് ഡിസിസി പ്രസിഡൻ്റ് തെളിയിച്ചാൽ കാൽക്കൽ വീണു മാപ്പ് പറയാൻ തയ്യാറാണെന്നും ടി.എം. ചന്ദ്രൻ പ്രതികരിച്ചു.
ഡിസിസി അധ്യക്ഷന് പിഴവുണ്ടായെന്ന് കെപിസിസിയെ ബോധ്യപ്പെടുത്താനായെന്നാണ് വിമത നേതാവ് ടി.എൻ. ചന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞത്. പാർട്ടിയെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും , പക്ഷേ തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്. ഡിസിസി പ്രസിഡന്റിന്റെ തീരുമാനങ്ങളാണ് പാർട്ടിക്ക് ഇത്രയേറെ അവമതിപ്പുണ്ടാക്കിയത്. ബിജെപിക്ക് വേണ്ടി വോട്ടുപിടിച്ചവരെ ചേർത്തുപിടിക്കുകയും ബിജെപിയുടെ വോട്ട് സ്വീകരിച്ചവരെ പുറത്താക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ ഉടൻ രാജി വയ്ക്കുമെന്നും ചന്ദ്രൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ പ്രതിഫലിച്ച യുഡിഎഫ് തരംഗം തൃശൂരിൽ ഉണ്ടായില്ല. ജില്ലാ പഞ്ചായത്തിലെ വിജയങ്ങളും നിയമസഭാ മണ്ഡലങ്ങളിലെ വോട്ടും പരിശോധിച്ചാൽ ഇതു മനസിലാക്കാനാകും. ഡിസിസി പ്രസിഡൻ്റ് ഒരു റിമോട്ട് കൺട്രോളറിൽ പ്രവർത്തിക്കുന്ന ആളാണെന്ന് കെപിസിസിയെ ബോധ്യപ്പെടുത്തി. കെപിസിസി വിഷയത്തിൽ ഇടപെടുകയും അന്വേഷിക്കുമെങ്കിൽ തെളിവ് കൊടുക്കാൻ തയ്യാറാണ്. ന്യായത്തെ അംഗീകരിക്കുന്ന മുഴുവൻ ജില്ലാ നേതാക്കളുടെയും പിന്തുണ തനിക്കുണ്ടന്നും ടി.എൻ ചന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.