പാകിസ്ഥാനായി ചാരപ്പണി ചെയ്ത കേസില്‍ പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് ടൂറിസം വകുപ്പ് ക്ഷണിച്ചിട്ടെന്ന് രേഖകള്‍. ടൂറിസം വകുപ്പിന്റെ പ്രമോഷന് വേണ്ടിയാണ് അവര്‍ കേരളത്തിലെത്തിയത്. ടൂറിസം വകുപ്പ് പണം നല്‍കിയാണ് ഇവരെ എത്തിച്ചത്. യാത്രയും താമസ സൗകര്യവും ഒരുക്കിയതും ടൂറിസം വകുപ്പാണെന്ന് രേഖകള്‍ പറയുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് പട്ടികയില്‍പ്പെടുത്തി 41 പേരെ എത്തിച്ചതില്‍ ഒരാളാണ് ജ്യോതി മല്‍ഹോത്ര. എന്നാല്‍ ഇവര്‍ സര്‍ക്കാര്‍ അതിഥിയായിരുന്നില്ല. ടൂറിസത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു.
എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ബോധപൂര്‍വം ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നാണ് ക്ഷോഭത്തോടെ മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചത്.
'ചാര പ്രവൃത്തിക്ക് വേണ്ടി അവരെ ഇവിടെ വിളിച്ചു വരുത്തി അതിന് സൗകര്യം ചെയ്തുകൊടുക്കുന്ന സര്‍ക്കാരോ മന്ത്രിമാരോ ആണോ കേരളത്തില്‍? കേരളത്തില്‍ എങ്ങനെയാണോ പ്രമോഷന്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് അതുപോലെയാണ് ടൂറിസം വകുപ്പ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്,' പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
പാകിസ്ഥാന്‍ ഏജന്‍സികള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചാണ് ഹരിയാന സ്വദേശിനിയായ ട്രാവല്‍ വ്‌ളോഗര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ അറസ്റ്റിലായത്. ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.
'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്ര എന്ന യൂട്യൂബറാണ് ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായത്. 2023ല്‍ ജ്യോതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായാണ് അധികൃതര്‍ പറയുന്നത്. കമ്മീഷന്‍ ഏജന്റുമാര്‍ വഴിയാണ് ഇവര്‍ പാക് വിസ നേടിയത്. ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ എഹ്‌സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി ഇവര്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നതായും അധികൃതര്‍ പറയുന്നു.
2025 മെയ് 13ന് സര്‍ക്കാര്‍ അസ്വീകാര്യനെന്ന് പ്രഖ്യാപിക്കുകയും പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഡാനിഷ്. ഇയാള്‍ ജ്യോതിയെ ഒന്നിലധികം പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകള്‍ക്ക് (പിഐഒ) പരിചയപ്പെടുത്തിയെന്നാണ് ആരോപണം. വാട്ട്സ്ആപ്പ്, ടെലഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ എന്‍ക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകളിലൂടെ ജ്യോതി, ഷാക്കിര്‍ എന്ന റാണ ഷഹബാസ് ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളുമായി ബന്ധം പുലര്‍ത്തിയതായാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാക്കിറിന്റെ നമ്പര്‍ 'ജാട്ട് രണ്‍ധാവ' എന്നാണ് ജ്യോതി മൊബൈലില്‍ സേവ് ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.