തിരുവനന്തപുരം: എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറി കെ.കെ. മഹേശൻ ജീവനൊടുക്കിയതിൽ എസ്‌ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരന്‍. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെ 2020 ജൂണിലായിരുന്നു ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഫോണില്‍ ബന്ധപ്പെടാൻ പറ്റാത്തതിനെ തുടർന്ന് ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് മഹേശൻ്റെ വാഹനം ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഓഫീസിൽ കയറി പരിശോധിച്ചപ്പോഴാണ് മഹേശനെ ഓഫീസിനുള്ളില്‍ മരിച്ചനിലയിൽ കണ്ടത്.
മഹേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. വെള്ളാപ്പള്ളി നടേശനെതിരെ കുറിപ്പ് എഴുതിയ ശേഷമായിരുന്നു മഹേശൻ ജീവനൊടുക്കിയത്. മൈക്രോ ഫിനാൻസ് കേസിൽ തന്നെ വേട്ടയാടുന്നു എന്ന് മഹേശൻ കുറിപ്പിൽ പരാമർശിച്ചിരുന്നു.
ലോക്കൽ പൊലീസിൻ്റെ അന്വേഷണത്തിൽ കുടുംബത്തിന് വിശ്വാസമില്ലെന്ന് കാണിച്ച് മഹേശൻ്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെടുന്നത്.