KERALA

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല; സ്പീക്കര്‍ക്ക് നടപടിയെടുക്കാം: വി.എം. സുധീകരന്‍

"എംഎല്‍എ പദവിയില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാകണം"

Author : കവിത രേണുക

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പദവിയില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോകണമെന്നും വി.എം. സുധീരന്‍. മൂന്നാം തവണയാണ് കേസ് വരുന്നത്. നിയമവശം പരിശോധിച്ചു ഉചിതമായ തീരുമാനം സ്പീക്കര്‍ കൈക്കൊള്ളണമെന്നും വി.എം. സുധീരന്‍ പറഞ്ഞു.

"എംഎല്‍എ പദവിയില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാകണം. സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം. നിയമവശം പരിശോധിച്ച് ഉചിതമായ തീരുമാനം സ്പീക്കര്‍ കൈക്കൊള്ളണം," വി.എം. സുധീരന്‍ പറഞ്ഞു.

ഒരാഴ്ച മുമ്പാണ് പരാതിക്കാരി എഐജി പൂങ്കുഴലിക്ക് പരാതി മെയില്‍ ചെയ്തത്. കേസില്‍ കഴിഞ്ഞ ദിവസം രാഹുലിനെ പാലക്കാടുള്ള ഹോട്ടലില്‍ നിന്ന് പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം വിദേശത്തുണ്ടായിരുന്ന പരാതിക്കാരി നാട്ടിലെത്തി. ഉടന്‍ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയേക്കുമെന്നാണ് സൂചന.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കാന്‍ മാറ്റി. കസ്റ്റഡി അപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി രാഹുലിനെ നാളെ കോടതിയില്‍ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ നല്‍കിയത്. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

രാഹുല്‍ മൂന്നാം പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. നീ ചെയ്യുന്നത് ഞാന്‍ താങ്ങും. ബട്ട് നീ താങ്ങില്ല എന്നാണ് രാഹുല്‍ അതിജീവതയോട് പറഞ്ഞത്. ആദ്യത്തെ ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ ആയിരുന്നു വിദേശത്തായിരുന്ന 31 വയസുകാരി രാഹുലുമായി ടെലിഗ്രാമിലൂടെ ചാറ്റ് ചെയ്തത്. തനിക്കെതിരെ നിന്നവര്‍ക്കും അവരുടെ കുടുംബത്തിനും എതിരെ അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് അതിജീവിതയോട് രാഹുല്‍ പറഞ്ഞു.

എല്ലാം കഴിഞ്ഞിട്ട് വാ. എന്നിട്ട് നീ നന്നായി ജീവിക്കണം. പേടിപ്പിക്കാനും നോക്കണ്ട. കേസ് കൊടുത്താലും എനിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. ഞാന്‍ മാത്രം മോശമാകുന്ന പരിപാടി നടക്കില്ല. നാട്ടില്‍ വന്നാല്‍ കുറെ ആളുകളുമായി അതിജീവിതയുടെ വീട്ടിലേക്ക് വരുമെന്നും രാഹുലിന്റെ ഭീഷണി സന്ദേശത്തില്‍ ഉണ്ട്. മറ്റുള്ളവരുടെ ജീവിതം തകര്‍ത്തിട്ട് സൂപ്പര്‍ ഹീറോ ആവേണ്ടെന്ന് യുവതി രാഹുലിനും മറുപടി നല്‍കുന്നുണ്ട്.

SCROLL FOR NEXT