പത്തനംതിട്ട: ആറന്മുള വള്ളസദ്യ വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. പ്രചരിക്കുന്ന കാര്യങ്ങൾ അവാസ്തവവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ്. കഴിഞ്ഞമാസം സെപ്റ്റംബർ 20ന് നടന്ന സംഭവമാണ്. എന്നിട്ട് 31 ദിവസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു വാർത്ത പുറത്തുവന്നതെന്നും മന്ത്രി പറഞ്ഞു.
വള്ളസദ്യയ്ക്ക് പോയപ്പോൾ കടവിൽ സന്ദർശനം നടത്തിയിരുന്നു. ആ സമയത്ത് വന്ന പള്ളിയോടങ്ങളെ സ്വീകരിക്കുകയും ചെയ്തു. ചടങ്ങ് പൂർത്തീകരിക്കണമെങ്കിൽ ഊട്ടുപുരയിൽ നിന്ന് അവരുടെ കൂടെ ഭക്ഷണം കഴിക്കണമെന്ന് പള്ളിയോട സംഘാംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മുന്നൂറോളം ആൾക്കാർ ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നു. മന്ത്രി പി. പ്രസാദും ഓപ്പം ഉണ്ടായിരുന്നു. അവിടെവെച്ച് ആരും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ഒരു ആചാരലംഘനവും അന്ന് പറഞ്ഞില്ലെന്നും മന്ത്രി അറിയിച്ചു.
ഇപ്പോൾ വാർത്ത പുറത്തുവന്നതിന് പിന്നിൽ ആസൂത്രിതമായ നീക്കമാണ്. ആചാരം ലംഘിക്കാൻ അല്ല ഞങ്ങൾ അങ്ങോട്ട് പോയത്.അവർ ചേർന്നു കൊണ്ടാണ് ക്ഷണം ഒരുക്കിയതും ഭക്ഷണം കഴിച്ചതും. പള്ളിയോടം കമ്മിറ്റിയുടെ പ്രസിഡൻ്റ് തന്നെ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അഷ്ടമിരോഹിണി ദിവസം ആറന്മുള ക്ഷേത്രത്തിൽ ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികൾക്ക് സദ്യ വിളമ്പി എന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. ആചാരലംഘനം നടന്നുവെന്നും പ്രായശ്ചിത്തം ചെയ്യണമെന്നുമുള്ള ക്ഷേത്രം തന്ത്രിയുടെ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
എന്നാൽ മന്ത്രി പങ്കെടുത്തത് ആചാരപരമായ വള്ളസദ്യയിൽ അല്ലെന്ന് പള്ളിയോട് സേവാസംഘം പ്രസിഡന്റ് കെ.വി. സാമ്പദേവൻ പറഞ്ഞിരുന്നു. അതിഥികൾക്കു മാത്രമായി ഊട്ടുപുരയിൽ സദ്യ മുൻ വർഷങ്ങളിലും വിളമ്പിയിട്ടുണ്ടെന്നും സാമ്പദേവൻ വ്യക്തമാക്കി.