വി.ഡി. സതീശന്‍, വി.എന്‍. വാസവന്‍ Source: News Malayalam 24x7
KERALA

അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാന്‍ ചെന്നപ്പോള്‍ പ്രതിപക്ഷ നേതാവ് കിടക്കുകയായിരുന്നെന്ന് വാസവന്‍; മര്യാദ പഠിപ്പിക്കേണ്ടെന്ന് സതീശന്‍

ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷത്തിന്റേത് ദുർവ്യാഖ്യാനങ്ങളാണെന്ന് വി.എൻ. വാസവൻ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടക സമിതിയിലേക്ക് ക്ഷണിക്കാനെത്തിയപ്പോള്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആരു വന്നാലും താൻ കാണാൻ തയ്യാറാണെന്നും പക്ഷേ അറിയിച്ചിട്ട് വരണമെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍, പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണെന്നാണ് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പറയുന്നത്. പ്രതിപക്ഷ നേതാവിന്റെ സമയം അന്വേഷിച്ചതിന് ശേഷമാണ് ദേവസ്വം പ്രസിഡന്റ് ക്ഷണിക്കാൻ ചെന്നതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. രണ്ടാം തീയതി കാണാമെന്ന് പറഞ്ഞത് പ്രകാരമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷണിക്കാൻ ചെന്നത്. ചെന്നപ്പോൾ കിടക്കുകയാണെന്നാണ് പേഴ്സണൽ സ്റ്റാഫ് പറഞ്ഞത്. കത്ത് തന്നാൽ കൊടുക്കാം എന്ന് സ്റ്റാഫ് പറഞ്ഞപ്പോൾ കത്ത് കൈമാറുകയായിരുന്നുവെന്നും വി.എന്‍. വാസവന്‍ കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷത്തിന്റേത് ദുർവ്യാഖ്യാനങ്ങളാണെന്നാണ് വി.എൻ. വാസവൻ ന്യൂസ് മലയാളം ഹലോ മലയാളത്തിൽ പറഞ്ഞത്. പ്രതിപക്ഷ നേതാവ് ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാതിരുന്നത് മര്യാദകേടെന്നും മന്ത്രി പറഞ്ഞു. മന്ത്രി തന്നെ മര്യാദ പഠിപ്പിക്കേണ്ടെന്നായിരുന്നു സതീശന്റെ മറുപടി.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷ പാർട്ടികളിൽ ആശയക്കുഴപ്പം തുടരുകയാണ്. സർക്കാരിനോടുള്ള ചോദ്യങ്ങൾക്കുള്ള മറുപടി കിട്ടിയിട്ട് നിലപാട് പറയാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്. പത്തു വർഷത്തിനുശേഷം സർക്കാർ അയ്യപ്പ ഭക്തിയുമായി ഇറങ്ങിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.  ദേവസ്വം മന്ത്രി തന്നെ മര്യാദ പഠിപ്പിക്കേണ്ടന്നും സതീശൻ പറഞ്ഞു. എന്നാല്‍, അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ശബരിമലയിലെ ആചാരലംഘനത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റണ്ടാണ് അയ്യപ്പ സംഗമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

SCROLL FOR NEXT