തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ 'വോട്ട് കൊള്ള' ആരോപണങ്ങള്‍ക്ക് പിന്നാലെ കേരളത്തിലും വോട്ടർ പട്ടിക പരിശോധിക്കാന്‍ കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക പരിശോധിക്കും. താഴേതട്ടിലുള്ള പ്രവർത്തകരോട് വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് നേതൃത്വം നല്‍കിയിരിക്കുന്ന നിർദേശം.
നിലവിലുള്ള വോട്ടർപട്ടികയിൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ യുഡിഎഫ് ആരോപിക്കുന്നുണ്ട്. അതിനിടയിലാണ് രാഹുൽ ഗാന്ധി 'വോട്ട് കൊള്ള' എന്ന പേരിൽ തെളിവുകൾ നിരത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രംഗത്തെത്തിയത്. ഈ വോട്ട് കൊള്ള കേരളത്തിലും ഉണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.മരിച്ചുപോയവർ വരെ പട്ടികയിൽ ഉണ്ട്. കള്ളവോട്ട് കൂടുതൽ ചേർക്കുന്നത് കേരളത്തിൽ സിപിഐഎമ്മാണ്.ബിജെപിയും ചെയ്യാറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറിയ വോട്ടുകൾ പോലും നിർണായകമാണ് അതുകൊണ്ട് എല്ലാ തലത്തിലും സമ്പൂർണ പരിശോധനയാണ് ലക്ഷ്യമിടുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
എന്നാല്‍ യുഡിഎഫ് വോട്ടർ പട്ടിക പരിശോധിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം. വോട്ടർ പട്ടിക സംബന്ധിച്ച കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും ആണ് നടന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് ജീവനക്കാരെല്ലാവരും തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയന്ത്രണത്തിൽ ആണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രതിരോധം.2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ തെളിയിച്ചതാണ്.രേഖകൾ സഹിതം. അന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വരെ പരാതി നൽകിയ ശേഷമാണ് നടപടി ഉണ്ടായത്. ഈ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലും ഇത്തരം വോട്ടുകൾക്ക് സാധ്യതയുണ്ട്. അതുകൊണ്ട് നിലവിലുള്ള വോട്ടർ പട്ടികയും ഇപ്പോൾ പേര് ചേർത്തുകൊണ്ടിരിക്കുന്ന പുതിയതായി വരുന്ന വോട്ടർ പട്ടികയും വിശദമായി പരിശോധിക്കും. ഘടകകക്ഷികൾക്കും ഈ ഒരു നിർദേശം കോൺഗ്രസ് നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ കണ്ടെത്തിയാൽ അതിനു പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് യുഡിഎഫ് തീരുമാനം.
അതേസമയം, തൃശൂരിലും വോട്ട് കൊള്ള നടന്നുവെന്ന എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന വി.എസ്. സുനിൽകുമാറിന്റെ ആരോപണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. വോട്ടർ പട്ടിക തയ്യാറാക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. പട്ടിക സംബന്ധിച്ച് വിശദാംശങ്ങളും കൈമാറിയിരുന്നുവെന്നും വോട്ടർ പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിലൊന്നും പരാതികൾ ഉയർന്നുവന്നിരുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അയൽ ജില്ലകളിലടക്കമുള്ള ബിജെപി പ്രവർത്തകരുടെ വോട്ട് ആസൂത്രിതമായി തൃശൂർ മണ്ഡലത്തിലേക്ക് മാറ്റി എന്നായിരുന്നു സുനില്‍കുമാറിന്റെ ആരോപണം. ഇലക്ഷൻ കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണമാണ് വി.എസ്. സുനില്‍കുമാർ ഉന്നയിച്ചത്.