ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺ കുമാർ. ഞങ്ങളുടേത് പാർട്ടി കുടുംബം ആണ്. അതുകൊണ്ട് തന്നെ പാർട്ടി പറയുന്നതേ ചെയ്യാൻ സാധിക്കുകയുള്ളൂ. സ്ഥാനാർഥിത്വത്തെ കുറിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അരുൺ കുമാർ വ്യക്തമാക്കി.
അച്ഛൻ്റെ മുൻ പിഎ ആയിരുന്ന എ. സുരേഷിൻ്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും, അതൊക്കെ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ തീരുമാനമാണ് എന്നും അരുൺ കുമാർ ചൂണ്ടിക്കാട്ടി. അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴ. മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അരുൺ കുമാർ ചൂണ്ടിക്കാട്ടി.
മുൻ പിഎ ആയിരുന്ന എ. സുരേഷ് മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അരുൺ കുമാറിൻ്റെ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫിൻ്റെ പുതുയുഗ യാത്രയിൽ സുരേഷ് പങ്കെടുത്തിരിന്നു. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറുന്നു. പാർട്ടിയെ സ്നേഹിക്കുന്നവരൊക്കെ അസംതൃപ്തരാണ് എന്നും സുരേഷ് വേദിയിൽ വച്ച് പറഞ്ഞു. വിഎസിന് വിധിച്ചത് ക്യാപിറ്റൽ പണിഷ്മെൻ്റ് ആണ്. അതേ ക്യാപിറ്റൽ പണിഷ്മെൻ്റ് ആണ് തനിക്ക് ലഭിച്ചതെന്നും സുരേഷ് പറഞ്ഞിരുന്നു.