പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ അതിഥിത്തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി റാം നാരായൺ ഭാഗേൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായത്.
റാം നാരായണിനെ തല്ലിക്കൊന്ന സംഘത്തിലുണ്ടായിരുന്ന മറ്റുചിലർ ഇപ്പോഴും ഒളിവിലാണ്. ചിലയാളുകൾ തമിഴ്നാട്ടിലുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ആൾക്കൂട്ടം നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പലരുടെ മൊബൈലിൽ പകർത്തിയിരുന്നു എങ്കിലും പൊലീസിന് അതെല്ലാം ശേഖരിക്കാനായിട്ടില്ല. ഇത് കൂടുതൽ പ്രതികളെ തിരിച്ചറിയുന്നതിനും തെളിവ് ശേഖരണത്തിനും പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തിയ പല ഫോണുകളും ഇതിനകം നശിപ്പിച്ചതായി പ്രത്യേക അന്വേഷണസംഘം മനസ്സിലാക്കിയിട്ടുണ്ട്.
അതേസമയം, റാം നാരായണൻ്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കുറ്റവാളികൾക്ക് എതിരെ കടുത്ത നടപടിവേണമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.