റാം നാരയണിൻ്റെ കുടുംബം Source: News Malayalam 24x7
KERALA

വാളയാർ ആൾക്കൂട്ട കൊലപാതകം: "10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും, പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും"; ഉറപ്പ് നൽകി ജില്ലാ ഭരണകൂടം

ഉറപ്പ് ഔദ്യോഗിക വാർത്താക്കുറിപ്പായി ഇറക്കിയാൽ മൃതദേഹം ഏറ്റെടുക്കാമെന്ന് രാം നാരായണിൻ്റെ ബന്ധുക്കളും അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ രാം നാരായൺ ബകേലിൻ്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്. പാലക്കാട് ആർഡിഒ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് സർക്കാർ ഉറപ്പു നൽകിയത്. പ്രതികൾക്കെതിരെ എസ്‌സി-എസ്‍ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കും. ഉറപ്പ് ഔദ്യോഗിക വാർത്താക്കുറിപ്പായി ഇറക്കിയാൽ മൃതദേഹം ഏറ്റെടുക്കാമെന്ന് രാം നാരായണിൻ്റെ ബന്ധുക്കളും അറിയിച്ചു.

ദളിത് സമുദായത്തിൽ പെട്ടവരാണ് തങ്ങളുടെ കുടുംബം. അതിനാൽ എസ്‌സി-എസ്‌ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങളാണ് ബന്ധു ശശികാന്ത് ഉന്നയിച്ചത്. കേസ് ശക്തിപ്പെടുത്തി ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നും എല്ലാ കൊലയാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ശശികാന്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ രംഗത്തെത്തിയിരുന്നു. പ്രതികളെ പിടികൂടാത്തത് അവർക്ക് രാഷ്ട്രീയ പശ്ചാത്തലം ഉള്ളതുകൊണ്ടാണെന്നാണ് ഡിസിസി പ്രസിഡൻ്റിൻ്റെ ആരോപണം. പ്രതികളായ 15 പേരിൽ 14 പേരും ബിജെപി അനുഭാവികളാണെന്നും ഒരാൾ സിപിഐഎം അനുഭാവിയെന്നും എ. തങ്കപ്പൻ പറഞ്ഞു.

പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയുന്നതുകൊണ്ടാണ് പൊലീസ് അഞ്ചുപേരെ മാത്രം പിടികൂടിയതെന്നാണ് എ. തങ്കപ്പൻ്റെ ആരോപണം. പൊലീസ് ശക്തമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രതികൾക്ക് രക്ഷപ്പെട്ടു പോകാനുള്ള സമയം കൊടുത്തെന്നും ഡിസിസി പ്രസിഡൻ്റ് ആരോപിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് 31കാരനായ രാംനാരായണൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ക്രൂര പീഡനത്തിൻ്റെ വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്ത് വന്നത്. രാംനാരായണൻ്റെ ശരീരത്തിൽ മർദനമേൽക്കാത്ത ഒരു സ്ഥലം പോലുമില്ലായിരുന്നു. 15 പേർ ചേർന്നാണ് രാംനാരായണനെ രണ്ട് മണിക്കൂറോളം പൊതിരെ തല്ലിയത്. ഇതിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

ആക്രമണം നടത്തിയവരിൽ ചിലർ നാടുവിട്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഇവരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിൽ നിന്ന് കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കൂടുതൽ പേരുടെ മൊഴികൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ചിലർ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും പൊലീസ് പറയുന്നു.

SCROLL FOR NEXT