

വയനാട്: ദേവർഗദ്ധയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി. മാരനെ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് നാട്ടുകാർ കടുവയെ കണ്ടത്. കടുവയ്ക്കായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. മാരന്റെ കുടുംബത്തിനുള്ള ധനസഹായത്തിൻ്റെ ആദ്യ ഗഡുവായ ആറുലക്ഷം രൂപ ഇന്ന് കൈമാറി.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് മാരനെ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപം വീണ്ടും കടുവയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കടുവയെ കണ്ടതോടെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരുത്തുകയായിരുന്നു. കാലിൽ പരിക്കുള്ള കടുവയെയാണ് കണ്ടെതെന്ന് നാട്ടുകാർ പറയുന്നു. കടുവയെ പിടികൂടുവാനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു. ആവശ്യമെങ്കിൽ വനാതിർത്തിയിൽ കൂടുകൾ സ്ഥാപിക്കുമെന്നും പട്രോളിങ് ശക്തമാക്കുമെന്നും വനം വകുപ്പ് അറിയിച്ചു. കർണാടകയിൽ നിന്നുള്ള കടുവയാണ് അതിർത്തിയിൽ എത്തിയതെന്നാണ് സംശയം.
കർണാടകയിൽ നിന്ന് പിടികൂടിയ നരഭോജി കടുവയെ കേരള വനാതിർത്തിയിൽ വിട്ടുവെന്ന് ആരോപിച്ച് കർണാടക വനംവകുപ്പിനെതിരെ സിപിഐഎം രംഗത്തെത്തി. മൈസൂരു ജില്ലയിലെ സരഗൂർ താലൂക്കിൽ മൂന്നുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയാണിതെന്നാണ് ആരോപണം. നരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പ് ഉടനടി നടപടിയെടുക്കണമെന്നും സിപിഐഎം പുൽപ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേവർഗദ്ധയിൽ ഇന്നലെ കടുവ കൊലപ്പെടുത്തിയ മാരൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് സംസ്കരിച്ചു. ധനസഹായമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപയിൽ ആദ്യ ഗഡുവായ ആറുലക്ഷം രൂപ കുടുംബത്തിന് കൈമാറി. ജില്ലാ കലക്ടർ സ്ഥലത്ത് എത്താത്തതിൽ ഇന്ന് പ്രതിഷേധം ഉയർന്നിരുന്നു. ജില്ലാ പഞ്ചായത്ത് സത്യപ്രതിജ്ഞ ആയതിനാലാണ് സ്ഥലത്ത് എത്താത്തത് എന്നും, രണ്ടുദിവസത്തിനകം ഉന്നതി സന്ദർശിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പ്രദേശവാസികൾ ജാഗ്രത തുടരണം എന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്.