പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പൊലീസിന് തുടക്കത്തിൽ ഉണ്ടായത് ഗുരുതര വീഴ്ച. കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ പിടികൂടുന്ന നടപടികളിലേക്ക് ആദ്യ രണ്ടു ദിവസം പൊലീസ് കടന്നില്ല. കൂടുതൽ പേർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിന് കഴിഞ്ഞില്ല. രണ്ടുദിവസത്തിന് ശേഷം മർദനത്തിൽ പങ്കെടുത്തവർ നാടുവിട്ടു. ആദ്യ മണിക്കൂറുകളിൽ ഉണ്ടായ അനാസ്ഥ കാരണം തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ടായി. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായും വിലയിരുത്തൽ.
അതേസമയം, രാം നാരായണിനെ മർദിച്ച് കൊന്ന കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിൽ ഉള്ള അഞ്ചു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് എസ്ഐടി നീക്കം. കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമർപ്പിക്കും. പ്രതികൾക്കായി തമിഴ്നാട്ടിലും അന്വേഷണം നടക്കും.
കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നെടുമ്പാശേരിയിൽ നിന്നും വിമാനമാർഗം സ്വദേശത്ത് എത്തിക്കും. സർക്കാർ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് ബഗേൽ കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായത്.