പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നെടുമ്പാശേരിയിൽ നിന്നും വിമാനമാർഗം സ്വദേശത്ത് എത്തിക്കും. സർക്കാർ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് ബഗേൽ കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായത്.
പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. പതിനൊന്ന് മണിക്കുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകും.
അതേസമയം, രാം നാരായണിനെ മർദിച്ച് കൊന്ന കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിൽ ഉള്ള അഞ്ചു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് എസ്ഐടി നീക്കം. കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമർപ്പിക്കും. പ്രതികൾക്കായി തമിഴ്നാട്ടിലും അന്വേഷണം നടക്കും.
റാം നാരായണ്‍ ബഗേലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റാം നാരാണിന് ദേഹമാസകലം മര്‍ദനമേറ്റു. തലയ്‌ക്കേറ്റത് ഗുരതര പരിക്കാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയേറ്റ് മസിലിലെ ഞരമ്പുകള്‍ തകര്‍ന്നു. വടികൊണ്ട് ശരീരത്തില്‍ ക്രൂരമായ അടിയേറ്റെന്നും വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. അതിഥി തൊഴിലാളിയായ റാം നാരായണന്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ക്രൂര പീഡനത്തിനാണ് ഇരയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.