പ്രതീകാത്മക ചിത്രം  Source: Pexels
KERALA

ജാഗ്രത! സംസ്ഥാനത്ത് അൾട്രാവയലറ്റ് സൂചിക ഉയരുന്നു

കേരളത്തിൽ അഞ്ച് സ്റ്റേഷനുകളിൽ ഓറഞ്ച് അലേർട്ടും നാല് സ്റ്റേഷനുകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് സൂചിക ഉയരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ അഞ്ച് സ്റ്റേഷനുകളിൽ ഓറഞ്ച് അലേർട്ടും നാല് സ്റ്റേഷനുകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട് ഉള്ളത്. കളമശേരി, തൃത്താല, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. അൾട്രാവയലറ്റ് സൂചിക ഉയരുന്നതിനാൽ കേരള ദുരന്ത നിവാരണ അതോറിറ്റി നിർേദശങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

നിർദേശങ്ങൾ

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

*പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

*പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ,ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

*പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

*യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ , ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. കൂടാതെ മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം.

*ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക വിവരങ്ങൾ https://visualize.openiot.in/.../lorawan-kerala-cluster... എന്ന ലിങ്കിൽ ലഭ്യമാണ്.

SCROLL FOR NEXT