തലസ്ഥാന നഗരിയിൽ വെള്ളക്കെട്ട് 
KERALA

ഒരു മണിക്കൂറില്‍ പെയ്തത് 91 മില്ലിമീറ്റര്‍ മഴ; വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാന നഗരി, പ്രതിഷേധവുമായി ഇടതുനേതാക്കൾ

ഒരു മണിക്കൂറോളം നിർത്താതെ പെയ്ത കനത്ത മഴയിൽ തമ്പാനൂർ, കിഴക്കേക്കോട്ട, വഞ്ചിയൂർ എന്നിവിടങ്ങളിലെ പ്രധാന റോഡുകൾ പൂർണമായും വെള്ളത്തിനടിയിലായി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഒരു മണിക്കൂർ നീണ്ട് നിന്ന ശക്തമായ മഴയെത്തുടർന്ന് തിരുവനന്തപുരത്ത് രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഒരു മണിക്കൂറോളം നിർത്താതെ പെയ്ത കനത്ത മഴയിൽ തമ്പാനൂർ, കിഴക്കേക്കോട്ട, വഞ്ചിയൂർ എന്നിവിടങ്ങളിലെ പ്രധാന റോഡുകൾ പൂർണമായും വെള്ളത്തിനടിയിലായി.

കിഴക്കേക്കോട്ടയിൽ ഒരു മണിക്കൂറിനുള്ളിൽ 32.6 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഈസ്റ്റ് ഫോർട്ടിൽ 91.2 മില്ലിമീറ്ററും, കാട്ടായികോണത്ത് 31.8 മില്ലിമീറ്ററും, പള്ളിപ്പുറത്ത് 21.4 മില്ലിമീറ്ററും, ബാലരാമപുരത്ത് 9.60 മില്ലിമീറ്ററും, വെള്ളായണിയിൽ 3.20 മില്ലിമീറ്ററും, കല്ലിയൂരിൽ 3 മില്ലി മീറ്റർ മഴയുമാണ് ഒരുമണിക്കൂറിൽ തകർത്ത് പെയ്തത്.

തുലാവർഷക്കാലത്ത് സാധാരണയായി ലഭിക്കാറുള്ള ശക്തമായ മഴയാണ് ഇന്ന് ലഭിച്ചതെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലുള്ള റോഡുകളിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നതോടെ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. റോഡിൽ മുട്ടോളം നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് പലരും സ്റ്റേഷനുകളിലേക്ക് എത്തിയത്.

നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം കോർപ്പറേഷൻ പൂർണപരാജയമാണെന്ന് ആരോപിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് വി.ശിവൻകുട്ടി പ്രതിഷേധിച്ചു. മുൻ മേയർ വി.കെ. പ്രശാന്തും ശിവൻകുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നു.

SCROLL FOR NEXT