KERALA

വയനാട് തുരങ്കപാതയ്ക്ക് പച്ചക്കൊടി; ഫൈനൽ ക്ലിയറൻസ് ലഭിച്ചെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്റ്റേജ്-2 ക്ലിയറൻസ് നൽകിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

വയനാട്: കോഴിക്കോട്, വയനാട് ജില്ലയിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍-കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്റ്റേജ്-2 ക്ലിയറൻസ് നൽകിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കേന്ദ്ര മന്ത്രാലയത്തിൻ്റെ തീരുമാനം സന്തോഷപ്രദമാണെന്നും മന്ത്രി അറിയിച്ചു.

താമരശേരി ചുരത്തിൽ ഗതാഗത കുരുക്കുകളും റോഡ് തകർച്ചയും ഉണ്ടാവുമ്പോഴെല്ലാം വർഷങ്ങളായി ചർച്ചചെയ്യപ്പെടുന്ന പദ്ധതിയാണ് തുരങ്ക പാത. താമരശേരി ചുരത്തിൻ്റെ ബദലായി നാലുവരി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിന് കഴിഞ്ഞ വർഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് തുരങ്കപാതയുടെ നിർമാണ പ്രവൃത്തിയിലേക്ക് സർക്കാർ കടന്നത്.

മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ പാത ബന്ധിപ്പിക്കുക. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽനിന്നും 10 കിലോമീറ്റർ മാത്രമാണ് ദൂരം. കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി മറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് അപ്രോച്ച്പാത ഉൾപ്പടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി പാതയാണിത്. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് തുരങ്ക പാതയെ ബന്ധിപ്പിക്കുന്നത്.

കിഫ്ബിയിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് തുരങ്കപാതയുടെ നിർമാണം നടക്കുന്നത്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്‌ചർ എന്നീ സ്ഥാപനങ്ങളാണ് നിർമാണത്തിൻ്റെ കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. യാത്ര സുഗമമാക്കുന്നതിനൊപ്പം സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയും പ്രാദേശിക ടൂറിസം സാധ്യതകളും തുരങ്ക പാത പദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ട് .

SCROLL FOR NEXT