വയനാട്: നൂൽപ്പുഴ നിവാസികൾക്ക് പുഴ മുറിച്ചു കടന്ന് വനഗ്രാമത്തിൽ എത്തണമെങ്കിൽ മരപ്പാലങ്ങളെ ആശ്രയിക്കണം. കോളൂർ - കാളിച്ചിറ വനഗ്രാമങ്ങളിലെ കുടുംബങ്ങളാണ് പുഴയ്ക്ക് കുറുകെ സ്ഥാപിച്ച ഒറ്റത്തടി പാലങ്ങളിലൂടെ യാത്ര ചെയുന്നത്. സുരക്ഷിതമായ പാലമില്ലാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ.
കല്ലൂർ പുഴ കടന്ന് കാളിച്ചിറ ഗ്രാമത്തിലെത്തണമെങ്കിൽ ഇവിടെയുളളവർക്ക് ഒറ്റത്തടിപ്പാലങ്ങളെ ആശ്രയിക്കണം. പതിറ്റാണ്ടുകളായി ഈ മരപ്പാലമാണ് പ്രദേശവാസികളുടെ സഞ്ചാര മാർഗം. അടുത്തിടെ പുഴയ്ക്ക് കുറുകെ കടപുഴകി വീണ മരവും അക്കരെ കടക്കാൻ ഉപയോഗിക്കുന്നുണ്ട്. ഈ യാത്രയെല്ലാം ജീവൻ പണയം വെച്ചാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുമ്പ് പാലത്തിൽ നിന്ന് വീണ് രണ്ട് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. എന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മഴ ശക്തമായാൽ നാലു കിലോമീറ്റർ ചുറ്റിസഞ്ചരിച്ചാണ് പ്രദേശവാസികൾ ഊരുകളിലെത്തുന്നത്. പുഴയിൽ വെള്ളം കൂടുന്നതോടെ പാലവും വെള്ളത്തിനടിയിലാകും. യാത്ര ദുഷ്കരമാകുന്നതോടെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ ഭാഗത്ത് പുഴയ്ക്ക് കുറുകെ ഒരു ഇരുമ്പുപാലം എങ്കിലും വന്നാൽ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.