KERALA

വയനാട്ടിലെ വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും; അംഗീകൃത ഏജൻസിയായി തുടരാനാകുമെന്ന് പ്രതീക്ഷ: ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ ഷാജു എസ്.

സർക്കാരുമായി എല്ലാക്കാലവും സഹകരിച്ച് പ്രവർത്തിക്കുന്ന ഊരാളുങ്കലിന് തുടർന്നും അംഗീകൃത ഏജൻസി പദവി കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നും ഷാജു

Author : ന്യൂസ് ഡെസ്ക്

വയനാട് പുനരധിവാസ പദ്ധതി ഡിസംബറിൽ പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ സൊസൈറ്റിയുടെ പുതിയ ചെയർമാൻ ഷാജു എസ്. അന്തരിച്ച ഊരാളുങ്കൽ സൊസൈറ്റി മുൻ ചെയർമാൻ രമേശ് പാലേരിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് തന്റെ ദൗത്യം. എല്ലാക്കാലവും സർക്കാരുമായി സഹകരിച്ച് പോവുന്ന നിലപാടാണ് ഊരാളുങ്കലിന് ഉള്ളതെന്നും, സർക്കാരിന്റെ അംഗീകൃത ഏജൻസിയായി തുടരാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ഷാജു എസ്. ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായിരുന്ന രമേശ് പാലേരിയുടെ നിര്യാണത്തെ തുടർന്നാണ്, ഷാജു പുതിയ ചെയർമാനായി ചുമതലയേറ്റത്. 1997 മുതൽ ഊരാളുങ്കലിന്റെ ഭാഗമാണ് ഷാജു. മുൻ ചെയർമാൻ രമേശ് പാലേരിയെ ഗുരുതുല്യനായി കാണുന്ന ഷാജു, സ്കില്‍ യൂണിവേഴ്സിറ്റി ഉൾപ്പടെ പാലേരിയുടെ സ്വപ്നങ്ങൾ യാഥ്യാർഥ്യമാക്കുകയാണ് തന്റെ ദൗത്യമെന്ന് വ്യക്തമാക്കി. വലുതും ചെറുതുമായ നൂറു കണക്കിന് പദ്ധതികളാണ് ഊരാളുങ്കൽ നടപ്പാക്കുന്നത്. വയനാട് പുനരധിവാസ പദ്ധതി ഡിസംബറിൽ പൂർത്തിയാക്കുമെന്നും ഷാജു പറഞ്ഞു.

സ്വകാര്യ പദ്ധതികൾക്കു പുറമെ, കേരളത്തിന് പുറത്തും ഊരാളുങ്കൽ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. സർക്കാരുമായി എല്ലാക്കാലവും സഹകരിച്ച് പ്രവർത്തിക്കുന്ന ഊരാളുങ്കലിന് തുടർന്നും അംഗീകൃത ഏജൻസി പദവി കിട്ടുമെന്ന പ്രതീക്ഷയുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയിലെ എല്ലാവരും ഒരു കുടുംബംപോലെയാണ് കഴിയുന്നതെന്നും, എല്ലാവരെയും ചേർത്തു പിടിച്ചു പോവുകയാണ് ചെയർമാൻ എന്ന നിലയിൽ തന്റെ കടമയെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT