നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചേക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാനാണ് വെല്‍ഫെയർ പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഐക്യ ജനാധിപത്യ മുന്നണിയിൽ അസോസിയേറ്റ് പാർട്ടിയാക്കണമെന്ന ആവശ്യവും വെല്‍ഫെയർ പാർട്ടി നേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്.
ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തില്‍ ആദ്യം അതൃപ്തിയുണ്ടായിരുന്ന വെല്‍ഫെയർ പാർട്ടി വി.എസ്. ജോയിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനായിരുന്നു വെല്‍ഫെയർ പാർട്ടിയുടെ പിന്തുണ. രണ്ട് ദിവസം മുന്‍പ് ചേർന്ന വെല്‍ഫയർ പാർട്ടി യോഗത്തില്‍ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ധാരണയാകുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. യുഡിഎഫിന് പിന്തുണ നല്‍കുന്ന കാര്യം ഇവിടെ പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ കാലങ്ങളില്‍ വെല്‍ഫയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ യുഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ മുസ്ലീം ലീഗിനുള്ളില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയോട് ആശയപരമായി അനുഭാവമുള്ള ഒരു സംഘടനയുടെ പിന്തുണ സ്വീകരിക്കുന്നതിലായിരുന്നു ആശയക്കുഴപ്പം നിലനിന്നിരുന്നത്. ലീഗിലെ ഇ.കെ. സുന്നി വിഭാഗമാണ് ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അസോസിയേറ്റ് പാർട്ടിയാക്കണമെന്ന വെല്‍ഫെയർ പാർട്ടിയുടെ ആവശ്യത്തില്‍ എളുപ്പം തീരുമാനമായേക്കില്ല.
അതേസമയം, നിലമ്പൂരില്‍ ആശാ പ്രവർത്തകരും പ്രചരണത്തിനിറങ്ങാന്‍ തീരുമാനിച്ചു. 'ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല' എന്ന മുദ്രാവാക്യമുയർത്തിയാകും മണ്ഡലത്തിലെ പ്രചരണം. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയുടെ നേതൃത്വത്തിലാകും പ്രചരണം.