വൈറ്റ് കോളർ ലഹരി ഇടപാട് കേസിലെ മുഖ്യ പ്രതി കെവിൻ 
KERALA

മാസം രണ്ടര ലക്ഷത്തിലേറെ ശമ്പളം; വൈറ്റ് കോളർ ലഹരിക്കേസിലെ മുഖ്യപ്രതി കെവിൻ്റെ വിവരങ്ങൾ പുറത്ത്

കെവിൻ ബെംഗളൂരു ഐഐഎമ്മിലെ പൂർവ വിദ്യാർഥി ആയിരുന്നുവെന്ന് പൊലീസ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട് കേസിൽ പിടിയിലായ മുഖ്യപ്രതി കെവിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരു ഐഐഎമ്മിലെ പൂർവ വിദ്യാർഥിയായിരുന്ന കെവിൻ, മാസം രണ്ടര ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന വ്യക്തിയാണ്. അമ്മ മരിച്ചതോടെ ഇയാൾ കൊച്ചിയിലേക്ക് എത്തുകയായിരുന്നു.

തുടർന്നാണ് ഇയാൾ ലഹരി ഇടപാട് തുടങ്ങിയതെന്നാണ് വിവരം. ഉന്നത വ്യക്തികളുമായുള്ള ബന്ധം ലഹരി ഇടപാടിന് കൂടുൽ സഹായമായി. ബെംഗളൂരുവിൽ നിന്നാണ് കെവിൻ ലഹരിമരുന്ന് കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. ഇത് ഉയർന്ന വിലയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടക്കുന്ന പാർട്ടികളിൽ വിതരണം ചെയ്തിരുന്നത്.

അടുത്തിടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന വൈറ്റ് കോളർ പാർട്ടിയിൽ നിന്ന് കെവിൻ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നുവെന്നും വിവരമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പാർട്ടി സംഘടിപ്പിച്ച ഷോണിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഇയാളും കെവിനും ചേർന്നാണ് പല പാർട്ടികളും സംഘടിപ്പിച്ചതെന്നും വിവരം പുറത്തുവരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ കെവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നതെന്നാണ് വിവരം.

കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ വൈറ്റ് കോളർ ഡ്രഗ് പാർട്ടിക്ക് ലഹരി എത്തിച്ചു നൽകിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കെവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. മൂന്ന് വർഷമായി സജീവ ലഹരി ഇടപാടുകാരനായ കെവിൻ ലഹരി കച്ചവടത്തിൻ്റെ കിങ്പിൻ ആണെന്നാണ് പൊലീസ് കണ്ടെത്തൽ. മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരിലുള്ള വ്യാജ ഐഡി കാര്‍ഡ് കെവിൻ്റെ കയ്യില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

SCROLL FOR NEXT