ശൈഖ് ഹബീബ് ഉമറിനൊപ്പം കാന്തപുരം അബൂബക്കർ മുസ്ലീയാർ NEWS MALAYALAM 24X7  NEWS MALAYALAM
KERALA

കാന്തപുരവുമായി അടുത്ത വ്യക്തിബന്ധം; ആരാണ് നിമിഷപ്രിയയുടെ മോചനത്തിന് ഇടപെട്ട ശൈഖ് ഹബീബ് ഉമര്‍?

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം പണ്ഡിതരില്‍ ഒരാളാണ് ഇദ്ദേഹം

Author : ന്യൂസ് ഡെസ്ക്

നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടല്‍ നടത്തിയ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം പണ്ഡിതരില്‍ ഒരാള്‍. യമനിലെ തരീമില്‍ 'ദാറുല്‍ മുസ്തഫാ' ഇസ്ലാമിക സര്‍വ്വകലാശാലയുടെ സ്ഥാപക നേതാവാണ് ഇദ്ദേഹം.

സയ്യിദ് അലവി മാലികി മക്കയ്ക്കു ശേഷം ആഗോള സുന്നി മുസ്ലിംകളുടെ കേന്ദ്ര ബിന്ദുവായി മാറിയ പണ്ഡിതനാണ് 'ബാഅലവി' സൂഫി ഓര്‍ഡറിന്റെ ആത്മീയ ഗുരു ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിം പണ്ഡിതന്മാരില്‍ പ്രഥമന്‍.

ലോക പ്രശസ്ത പണ്ഡിതരും തത്വചിന്തകരും എഴുത്തുകാരും ഉള്‍പ്പെടുന്നതാണ് ശൈഖ് ഹബീബ് ഉമറിന്റെ ശിഷ്യന്മാര്‍. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരത്തിന് അടുത്ത വ്യക്തി ബന്ധമുണ്ട്.

യെമനിലെ തരീമില്‍ 'ദാറുല്‍ മുസ്തഫാ' ഇസ്ലാമിക സര്‍വ്വകലാശാല സ്ഥാപിച്ചത് ഇദ്ദേഹമാണ്. എഴുപതോളം രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. മുസ്ലിം സമൂഹത്തിലെ എല്ലാ സുന്നി ധാരകളും ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്.

ഐഎസ്, അല്‍ ഖ്വയ്ദ പോലുള്ള തീവ്രവാദ സംഘടനകള്‍ ശൈഖ് ഹബീബ് ഉമറിനോട് കടുത്ത വിയോജിപ്പ് പുലര്‍ത്തുന്നു. ഉത്തര യമനില്‍ ചില തീവ്രഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഹളര്‍മത്തില്‍ സമാധാന അന്തരീക്ഷം പുലര്‍ന്നത് ശൈഖ് ഹബീബ് ഉമറിന്റ നേതൃത്വത്തിലാണ്.

മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ 'ഇസ്ലാമും ആധുനികതയും' എന്ന വിഷയത്തില്‍ ഹബീബ് ഉമര്‍ നടത്തിയ പ്രഭാഷണം ലോകശ്രദ്ധ നേടിയിരുന്നു. കേരളത്തിലും അദ്ദേഹം നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മലപ്പുറം മഅദിന്‍ അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കാനാണ് ആദ്യം ഇന്ത്യയിലെത്തിയത്.

താമരശ്ശേരി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ശൈഖ് ഹബീബ് ഉമര്‍ ആയിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അസുഖബാധിതനാപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനും ഹബീബ് ഉമര്‍ ഇന്ത്യയിലെത്തിയിരുന്നു.

SCROLL FOR NEXT