രാഹുൽ മാങ്കൂട്ടത്തിൽ, വി.ഡി. സതീശൻ Source: facebook
KERALA

ആരാണ് ജീന? രാഹുലിന് അനുകൂലമായി മൊഴി നൽകിയ യൂത്ത് കോൺഗ്രസ് വനിത നേതാവിനെ തിരഞ്ഞ് കോൺഗ്രസ്

രാഹുലിനെ കുടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്നായിരുന്നു ഇന്നലെ ജീന ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് അനുകൂലമായി മൊഴി നൽകിയ യൂത്ത് കോൺഗ്രസ് വനിത നേതാവിനെ തിരഞ്ഞ് കോൺഗ്രസ് അണികൾ. ജീന സജി തോമസ് ആരാണെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല. രാഹുലിനെ കുടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്നായിരുന്നു ഇന്നലെ ജീന ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. ഈ പശ്ചാത്തലത്തിലാണ് ജീന ആരെന്ന് തേടിയുള്ള അണികളുടെ അന്വേഷണം. അതേസമയം സംഘടനയുമായി ജീനയ്ക്ക് ബന്ധമില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ വാദം.

രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്നായിരുന്നു ജീന സജി തോമസിൻ്റെ വാദം. ഇതിൽ വി. ഡി. സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്.തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയായിരുന്നു വനിതാ നേതാവ് മൊഴി നല്‍കിയത്.

അതേസമയം ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ അനിശ്ചിതത്വത്തിലാണ്. എംഎൽഎയ്ക്കെതിരെ ആരോപണം ഉന്നയിച്ച യുവതികളിൽ ഒരാൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും നിയമ നടപടിയുമായി മുന്നോട്ടു പോകാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. തെളിവുകളായി കൈവശമുള്ള വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകൾ ഇവർ അന്വേഷണ സംഘത്തിന് കൈമാറി. ഇവരെ പരാതിക്കാരിയാക്കാൻ കഴിയുമോ എന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.

എന്നാൽ ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതി ഇതുവരെ രാഹുലിനെതിരെ പരാതി നൽകിയിട്ടില്ല. യുവതിയുമായി അന്വേഷണ ഉദ്യോഗസ്ഥർ സംസാരിച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാർ മൊഴി നൽകാൻ തയ്യാറായില്ലെങ്കിൽ കേസന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷണ സംഘം.

SCROLL FOR NEXT