തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തില്‍ നേതാക്കള്‍ക്ക് എതിരെ മൊഴി നൽകി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. വി. ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് യുവതി മൊഴി നൽകിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയില്‍ മൊഴി നല്‍കിയത്.
രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കുന്നതാണ്. ഇതിൽ വി. ഡി. സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരായ സൈബർ ആക്രമണം പെയ്‌ഡാണെന്ന് പറഞ്ഞുകൊണ്ട് റിനി ആൻ ജോർജും രംഗത്തെത്തി. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് ആക്രമണമുണ്ടാകുന്നത്. സൈബർ അറ്റാക്കിനെ ബഹുമതിയായി കാണുന്നുവെന്നും, പോരാട്ടം തുടരുമെന്നും റിനി പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ നിയമോപദേശം തേടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്. രാഹുലിന് എതിരേ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത് ഈ നടിയാണ്. നടിയുടെ മൊഴിയില്‍ രാഹുല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഈ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളായ വാട്‌സ് ആപ്പ് സന്ദേശങ്ങളും നടി കൈമാറിയിരുന്നു.