KERALA

ഞങ്ങള്‍ അരമണിക്കൂർ മുമ്പേ പുറപ്പെട്ടു... ആദ്യം പസഫിക് ദ്വീപുകൾ, അവസാനം അമേരിക്കൻ ദ്വീപുകൾ!പുതുവർഷം ലോകം ചുറ്റുന്നത് ഇങ്ങനെ

ഓരോയിടത്തും പുതുവത്സരാഘോഷങ്ങളും പല സമയത്തായിരിക്കും

Author : ലിൻ്റു ഗീത

ഡൽഹി: നാളെ വീണ്ടും കാണാം എന്നതിന് പകരം ഇനി അടുത്ത വർഷം കാണാം എന്ന ക്ലീഷേ തമാശയുടെ ദിനമാണ് ഇന്ന്. വിപുലമായ ആഘോഷങ്ങളോടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. 26 മണിക്കൂർ നേരം ഓരോ നിമിഷവും പുതുവർഷം പിറന്നുകൊണ്ടിരിക്കുന്ന ആഘോഷമാണ് എല്ലാ വർഷാവസാനവും നടക്കുന്നത്. ഇന്ത്യയിലെത്തും മുൻപേ തന്നെ ലോകത്തെ പലഭാഗങ്ങളിലും പുതുവർഷം പിറന്നിട്ടുണ്ടാവും. ന്യൂ ഇയർ ആഘോഷിക്കുന്ന ലോകത്തെ ആദ്യത്തെയും അവസാനത്തെയും രാജ്യങ്ങളേതൊക്കെയെന്ന് നോക്കിവരാം.

വിവിധ രാജ്യങ്ങളും വ്യത്യസ്ത സമയമേഖലകളിലായതിനാൽ തന്നെ ഓരോയിടത്തും പുതുവത്സരാഘോഷങ്ങളും പല സമയത്തായിരിക്കും. അന്താരാഷ്ട്ര ദിനാങ്ക രേഖയ്ക്ക് തൊട്ടുപടിഞ്ഞാറുള്ള ഓഷ്യാനിയന്‍ രാജ്യമായ കിരിബാത്തിയിലാണ് ലോകത്ത് ഏറ്റവുമാദ്യം പുതുവർഷമെത്തുന്നത്. കിരിബാത്തിയില്‍ പുതുവര്‍ഷത്തിൻ്റെ മണി മുഴങ്ങുമ്പോള്‍ ഇന്ത്യയിൽ സമയം വൈകിട്ട് മൂന്നരയേ ആയിട്ടുണ്ടാവൂ.

കിരിബാത്തിക്ക് കൗതുകകരമായ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ന്യൂ ഇയർ ആദ്യമെത്തുന്ന കിരിബാത്തി ദ്വീപ് അറിയപ്പെടുന്നത് ന്യൂ ഇയര്‍ ദ്വീപ് എന്നല്ല, ക്രിസ്മസ് ദ്വീപ് എന്നാണ്. പരമ്പരാഗത നൃത്തം, വിരുന്ന്, പ്രാർത്ഥനാ ചടങ്ങുകൾ എന്നിവയോടെ ഇവിടെ ആളുകൾ പുതുവർഷം ആഘോഷിക്കുന്നു.

കിരിബാത്തിയുടെ കിഴക്ക് ഭാഗത്തുള്ള രാജ്യങ്ങളിലാണ് പുതുവർഷം അവസാനമെത്തുന്നത്. കിരിബാത്തിയിൽ നിന്ന് 750 കിലോമീറ്ററോളം സഞ്ചരിച്ച് അമേരിക്കൻ സമോവയിലെത്തിയാൽ ഭൂതകാലത്തിലേക്ക് ടൈം ട്രാവൽ ചെയ്ത് വേണമെങ്കിൽ വീണ്ടും ഒന്നുകൂടി ന്യൂ ഇയർ ആഘോഷിക്കാം...!

കിരിബാത്തിക്ക് പിന്നാലെ ന്യൂസിലന്‍ഡിൻ്റെ ഭാഗമായ ചാറ്റം ദ്വീപിലേക്ക് പുതുവർഷമെത്തും. അടുത്തഘട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങൾ പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കും. ഇതോടെ ലോകം മുഴുവനും ആഘോഷങ്ങളിലേക്ക് കടക്കും. പിന്നാലെ ന്യൂസിലൻഡിലെ വെല്ലിങ്ടനിലെയും ഓക്‌ലൻഡിലെയും പുതുവർഷ വെടിക്കെട്ട്. ന്യൂസിലൻഡിന് ശേഷം ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്‌നി, കാന്‍ബറ എന്നിവിടങ്ങളില്‍ ഇന്ത്യൻ സമയം ആറരയാകുമ്പോഴേക്കും പുതുവർഷമാകും. ശേഷം ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഏഷ്യൻ രാജ്യങ്ങളും 2026നെ സ്വീകരിക്കും.

പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. നാളെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാകും ഇവിടെ പുതുവർഷം പിറക്കുക. സ്പെയിനിൽ 12 മുന്തിരികൾ കഴിച്ചാണ് പുതുവർഷത്തെ വരവേൽക്കുന്നത്. 108 മണിമുഴക്കത്തോടെയാണ് ജപ്പാനിലെ പുതുവർഷം. ബ്രസീലിൽ വെള്ള വസ്ത്രം ധരിച്ച് കടലിൽ പൂക്കൾ ഒഴുക്കുന്നതാണ് പ്രധാന ആചാരം. സ്കോട്ട്ലൻ്റിലെ തെരുവോര പാർട്ടികളും, സിഡ്നിയിലെയും ബുർജ് ഖലീഫയിലെയും ന്യൂ ഇയർ വെടിക്കെട്ടുകളും ലോകപ്രശസ്തമാണ്. ചുരുക്കി പറഞ്ഞാൽ ലോകത്തെ എല്ലാ സമയമേഖലകളിലും പുതുവർഷമെത്താൻ 26 മണിക്കൂറെടുക്കും. ആഘോഷങ്ങളുടെ ആഗോളയാത്രയിലെ ഈ വൈവിധ്യം തന്നെയാണ് പുതുവർഷത്തിൻ്റെ ഏറ്റവും വലിയ സവിശേഷതയും.

SCROLL FOR NEXT