ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി പി.ജെ. കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ് Source: Facebook/ Shashi Tharoor, PJ Kurien
KERALA

ഇന്ദിരാ ഗാന്ധിയെയും അടിയന്തരാവസ്ഥയെയും വിമർശിക്കുന്ന തരൂർ എന്തിന് കോൺഗ്രസിൽ ചേർന്നു?; പി.ജെ. കുര്യൻ

കോൺഗ്രസിന്റെ എംപിയും മന്ത്രിയുമായും പ്രവർത്തിച്ചപ്പോൾ ഈ അഭിപ്രായം പറഞ്ഞില്ലെന്നും വിമർശനം.

Author : ന്യൂസ് ഡെസ്ക്

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് മുതി‍ർന്ന നേതാവ് പി.ജെ. കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ദിരാ ഗാന്ധിയെയും അടിയന്തരാവസ്ഥയെയും രൂക്ഷമായി വിമർശിക്കുന്ന ശശി തരൂർ എന്തിന് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിന്റെ എംപിയും മന്ത്രിയുമായും പ്രവർത്തിച്ചപ്പോൾ ഈ അഭിപ്രായം പറഞ്ഞില്ലെന്നും വിമർശനം. ഇപ്പോൾ വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണമെന്നും പി.ജെ. കുര്യൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂ‍ർണരൂപം:

ശ്രീ ശശി തരൂർ

--------------------------

അടിയന്തിരാവസ്‌ഥ സംബന്ധിച്ച് ഏത് അഭിപ്രായം വച്ചു പുലർത്തുവാനും അത് പ്രകടിപ്പിക്കുവാനും ഒരു വ്യക്തി എന്ന നിലയിൽ ശ്രീ. ശശി തരൂരിന് എല്ലാ അവകാശങ്ങളുമുണ്ട്. ഇപ്പോൾ അദ്ദേഹം ശ്രീമതി ഇന്ദിരഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നു. ഇത്രയും രൂക്ഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെങ്കിൽ അദ്ദേഹം കോൺഗ്രസിൽ എന്തിന് ചേർന്നു?

കോൺഗ്രസിന്റെ എംപിയായും മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. അന്ന് എന്തുകൊണ്ട് ഈ അഭിപ്രായം കമ്മറ്റികളിൽ പോലും പറഞ്ഞില്ല. കാരണം വ്യക്തം. കോൺഗ്രസ്‌ അന്ന് ഭരിക്കുന്ന പാർട്ടിയായിരുന്നു. കോൺഗ്രസിനോട് ചേർന്ന് നിന്നാൽ അധികാരത്തിന്റെ അപ്പ കഷ്ണങ്ങൾ ലഭിക്കും. ഇന്ന് സ്ഥിതി മറിച്ചാണ്. കോൺഗ്രസ്‌ പ്രതിപക്ഷത്തും ശ്രീ നരേന്ദ്ര മോദി അധികാരത്തിലുമാണ്. ഇപ്പോൾ വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം. ശ്രീമതി ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ്സിനെയും അധിക്ഷേപിക്കണം. വിശ്വപൗരന്റെ രാഷ്ട്രീയ നിലവാരവും ആദർശവും കൊള്ളാം. നല്ല മാതൃക തന്നെ.

നേരത്തെ യൂത്ത് കോൺഗ്രസിനെ ഇകഴ്ത്തിയും എസ്എഫ്ഐയെ പുകഴ്ത്തിയും പി.ജെ കുര്യൻ രംഗത്തെത്തിയിരുന്നു. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ യൂത്ത് കോൺഗ്രസിന് കഴിയുന്നില്ല. എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നുവെന്നും പി.ജെ. കുര്യൻ പറഞ്ഞു. എതിർ പ്രചരണങ്ങൾക്കിടയിലും സിപിഐഎം സംഘടന സംവിധാനം ശക്തമാണെന്നും അ​ദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരെ വേദിയിൽ ഇരുത്തി ആയിരുന്നു പി.ജെ. കുര്യൻ്റെ വിമർശനം.

കഴിഞ്ഞ തവണ താൻ പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് നിയമസഭ സീറ്റുകളിൽ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയിൽ ആരോടും ആലോചിക്കാതെയാണ് സ്ഥാനാർഥി നിർണയം നടത്തിയത്. അടൂർ പ്രകാശ് ഉൾപ്പടെ അന്നത്തെ കെപിസിസി നേതൃത്വം തൻ്റെ നിർദേശം അംഗീകരിച്ചില്ല. അതുകൊണ്ട് അഞ്ച് സീറ്റ് നഷ്ടമായി. ഇത്തവണ സ്ഥാനാർഥിയെ അടിച്ചേൽപിച്ചാൽ അപകടം ഉണ്ടാകും, പി.ജെ. കുര്യൻ പറഞ്ഞു.

SCROLL FOR NEXT