വിശ്വപൗരനിൽ ഒളിഞ്ഞിരിക്കുന്നത് ഇരട്ടത്താപ്പും വർഗവഞ്ചനയും; തരൂരിനെതിരെ ഉമ്മൻചാണ്ടിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

'ഞങ്ങൾ വിശ്വപൗരന്മാരല്ല , പൊട്ടന്മാരുമല്ല' എന്ന തലക്കെട്ടോടെയാണ് ശശി തരൂരിനെതിരായ വിമർശനം അഡ്വ. ജോജി ജോർജ് ജേക്കബ് പങ്കുവെച്ചത്.
ശശി തരൂരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഉമ്മൻചാണ്ടിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ. ജോജി ജോർജ് ജേക്കബ്
ശശി തരൂരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഉമ്മൻചാണ്ടിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ. ജോജി ജോർജ് ജേക്കബ്Source: Facebook/ Shashi Tharoor, Joji George Jacob
Published on

ശശി തരൂരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഉമ്മൻചാണ്ടിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ. ജോജി ജോർജ് ജേക്കബ്. വിശ്വ പൗരനിൽ ഒളിഞ്ഞിരിക്കുന്നത് ഇരട്ടത്താപ്പും വർഗ വഞ്ചനയുമാണെന്ന് ജോജി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ഉപരാഷ്ട്രപതി കസേര മാടി വിളിക്കുന്നതുകൊണ്ടാകാം ഇപ്പോഴത്തെ പുകഴ്ത്തലുകളെന്നും വിമർശനം. ഞങ്ങൾ വിശ്വപൗരന്മാരല്ല , പൊട്ടന്മാരുമല്ല എന്ന തലക്കെട്ടോടെയാണ് ശശി തരൂരിനെതിരായ വിമർശനം ജോജി ജോർജ് പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

*ഞങ്ങൾ വിശ്വപൗരന്മാരല്ല , പൊട്ടന്മാരുമല്ല*

- - - - -

ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നവരെ ബഹുമാനത്തോടെയും നോക്കുകയും ആദരവോടെ കാണുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. പ്രത്യക്ഷത്തിൽ തെറ്റൊന്നും ഇല്ലെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന കൊളോണിയൽ വിധേയത്വത്തിന്റെ ബാക്കിപത്രമാണത് എന്നുള്ളതൊരു യാഥാർത്ഥ്യമാണ്. ശശി തരൂർ ജനഹൃദയങ്ങളിൽ ആദരവ് പിടിച്ചുപറ്റുന്നത് ഈയൊരു കാരണംകൂടി കൊണ്ടാണ്. എന്നാൽ ഒഴുകി വരുന്ന ഇംഗ്ലീഷ് സാഹിത്യ ശൈലിയിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നു ഇരട്ടത്താപ്പും വർഗ്ഗവഞ്ചനയും വെളിപ്പെട്ടുവരുന്നു.

താൻ ഒരു വിശ്വപൗരനാണെന്നും കോൺഗ്രസ് പാർട്ടിക്ക് കിട്ടിയ ഒരു വരദാനമാണ് താനെന്നും അദ്ദേഹം സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എതിർവാദങ്ങൾ ഇല്ലാത്തതുകൊണ്ട് സാമാന്യജനം അത് അപ്പാടെ വിഴുങ്ങുകയും ചെയ്യുന്നു. എന്നാൽ വസ്തുത തിരിച്ചാണ്. ശശിതരൂർ കോൺഗ്രസിനെ എന്തെങ്കിലും ആക്കുകയല്ല ചെയ്തത്. കോൺഗ്രസാണ് തരൂരിനെ വിശ്വപൗരനാക്കിയത്. ഐക്യരാഷ്ട്രസഭയിൽ അണ്ടർ സെക്രട്ടറി ആയിരുന്ന ശശി തരൂർ ആ തസ്തികയിൽ അവിടെയുള്ള സമാനമായ 50 പേരിൽ ഒരാളായിരുന്നു. അന്നുവരെ ശശി തരൂർ എന്ന പേര് ഇന്ത്യയിലോ കേരളത്തിലോ ആരും കേട്ടിട്ടില്ല. 2006ൽ മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെൻറ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി മത്സരിക്കാൻ അദ്ദേഹത്തിന് അവസരം കൊടുക്കുന്നതിലൂടെയാണ് ശശി തരൂർ എന്ന പേര് ലോകം കേൾക്കുന്നത്. തുടർന്ന് വിശ്വപൗരൻ എന്ന പട്ടം ചാർത്തികൊടുത്ത് തിരുവനന്തപുരം സീറ്റിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിച്ച് ശശി തരൂരിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആക്കിയതും കോൺഗ്രസ് പാർട്ടിയാണ്. തുടർന്നങ്ങോട്ട് അതേ തിരുവനന്തപുരം മണ്ഡലത്തിൽ 4 തവണ കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടിൽ എം.പിയായി ഇന്നും തുടരുന്നതും വിശ്വപൗരനു വേണ്ടി ഐക്യരാഷ്ട്രസഭയിൽ നിന്നോ അമേരിക്കയിൽ നിന്നോ വന്നവർ കുഴലൂത്ത് നടത്തിയിട്ടല്ല. പാറശ്ശാല മുതൽ കഴക്കൂട്ടം വരെ നീണ്ടുകിടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് / യുഡിഎഫ് പ്രവർത്തകർ കൈയും മെയ്യും മറന്ന് പണിയെടുത്തിട്ടാണ്.

സോഷ്യൽ മീഡിയ വന്നത്തിനുശേഷം മാത്രം രാജ്യസംബന്ധമായ കാര്യങ്ങൾ അറിയുകയും അതിൽ അഭിപ്രായം പറഞ്ഞുതുടങ്ങുകയും ചെയ്ത ഒരു വിഭാഗം ജനങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട്. 2014 ന് ശേഷമാണ് ഇന്ത്യ ഉണ്ടായതെന്നും അതിനു ശേഷം പൊടുന്നനെയാണ് ഈ രാജ്യം ഇന്ന് കാണുന്ന നിലയിൽ ആയതെന്നും വിശ്വസിക്കുന്ന ഇടുങ്ങിയ മസ്തിഷ്കകാരായ ഇക്കൂട്ടരാണ് സംഘികളുടെ വളക്കൂറുള്ള മാർക്കറ്റ്. അവരാണ് ശശിതരൂർ വലിയ സംഭവമാണെന്നും അയാൾ ഉള്ളതുകൊണ്ട് കോൺഗ്രസ് നിലനിൽക്കുന്നു എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

കോൺഗ്രസ് പാർട്ടി കാണുന്ന ആദ്യത്തെ വിശ്വപൗരനല്ല ശശിതരൂർ. മഹാത്മാഗാന്ധി, ജവഹർലാൽനെഹ്റു , അബേദ്ക്കർ മുതൽ മൻമോഹൻ സിംഗ് വരെ വിശ്വപൗരൻമാരായിരുന്നു. ട്വിറ്ററും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമ്മും ഫേസ്ബുക്കും ഉള്ള കാലത്ത് ജനിച്ചില്ല എന്നൊരു തെറ്റേ അവർ ചെയ്തുള്ളൂ. റീൽസും ഷോർട്സും ഉണ്ടാക്കി നിരന്തരം പോസ്റ്റാൻ അവസരം കിട്ടിയില്ല എന്ന ഒരു കുറവേ അവർക്കുള്ളൂ. അവരുടെയെല്ലാം കാഴ്ചപ്പാടുകൾക്കും ചിന്താഗതികൾക്കും മുന്നിൽ ശശിതരൂർ ഒന്നുമല്ല. കോൺഗ്രസിൻറെ ശക്തി അനർഗള നിർഗളം ഇംഗ്ലീഷ് സംസാരിക്കുന്ന സുഖിമാന്മാരല്ല. നാനാത്വത്തിൽ ഏകത്വം വാഴുന്ന ഈ രാജ്യത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ അറിയുന്നവർ - അവരാണ് കോൺഗ്രസിൻറെ നേതാക്കന്മാർ. ഈ രാജ്യത്തെ സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾ - അവരാണ് കോൺഗ്രസിൻറെ ശക്തി.

ഒളിഞ്ഞും പാത്തും ബിജെപിക്ക് വേണ്ടി ശങ്കൂതുന്ന നിങ്ങൾക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. രാജ്യസ്നേഹം കാണിച്ചതിനും വിശാലമായി ചിന്തിച്ചതിനു കോൺഗ്രസ് പാർട്ടിയുടെ ഇടുങ്ങിയ ചിന്താഗതിയുള്ള നേതൃത്വം എന്നെ പുറത്താക്കി എന്ന് വരുത്തി രക്തസാക്ഷി പരിവേഷം കിട്ടാനാണ് നിങ്ങൾ ഈ കഷ്ട്ടപ്പെടുന്നതെല്ലാം. അത് മനസ്സിലാക്കാൻ വിശ്വപൗരൻ പട്ടത്തിന്റെ ആവശ്യമില്ല, മൂന്നുനേരം ചോറുണ്ടാൽ മതി. ആ വിവരം ഞങ്ങൾക്കുണ്ട്.

ആരായിരുന്നു നിങ്ങൾ എന്ന് നിങ്ങളെക്കുറിച്ച് തന്നെ ഒന്ന് വിലയിരുത്തുക. Sweat Equity എന്ന കച്ചവട താൽപര്യത്തിന്റെ പുറത്താണ് നിങ്ങളുടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത് എന്ന വസ്തുത സൗകര്യപൂർവ്വം നിങ്ങൾ മറന്നു കാണും. ഉപരാഷ്ട്രപതിയുടെ കസേര മാടി വിളിക്കുന്നുണ്ടാകാം. ഉലകം കറങ്ങി നക്ഷത്രജീവിതം നയിക്കാനുള്ള പദവികൾ മോഹിപ്പിക്കുന്നുണ്ടാകാം. ഇന്നലെവരെ നിങ്ങൾ പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞു പുതിയ രൂപത്തിലും ഭാവത്തിലും അവതാരപുരുഷനാകുമ്പോൾ The Paradoxical PrimeMinister എന്ന് നിങ്ങളുടെതന്നെ പുസ്തകം കണ്ണീർവാർക്കും.

നിങ്ങൾ ആടിയ രാജ്യസ്നേഹത്തിന്റെ പൊറാട്ടുനാടകം നന്നായിട്ടുണ്ട്. സാധാരണ കുറെ ആളുകൾ അതു വിശ്വസിച്ചിട്ടുമുണ്ട്. പക്ഷേ, ഒരു ചാനലിന്റെ സർവ്വേയും പൊക്കിപ്പിടിച്ചുകൊണ്ട് നിങ്ങൾ കേരളത്തിൻറെ മുഖ്യമന്ത്രി ആകാൻ വന്ന ആ വരവ്, അത് പാളയം മാർക്കറ്റിലെ ആക്രിക്കടയിൽ പോലും എടുക്കാത്ത ബിസിനസ് തന്ത്രമാണ്. ഒത്തില്ല. ലക്ഷങ്ങൾ മുടക്കി അങ്ങ് ഏർപ്പാടാക്കിയിരിക്കുന്ന പി ആർ ഏജൻസിയോട് ലൈൻ ഒന്ന് മാറ്റിപ്പിടിക്കാൻ പറയണം.

കോൺഗ്രസിൻറെ ഉന്നത ഘടകമായ പ്രവർത്തകസമിതിയിൽ തുടർന്നുകൊണ്ട് ഇരിക്കുന്ന വഞ്ചിയിൽതന്നെ കിഴുത്ത ഇടുന്നത് ചതിയും വഞ്ചനാപരമായ നടപടിയുമാണ്. കൂട്ടിൽ കാഷ്ഠിക്കുന്ന കിളിയുടെ പരാമർശം എഴുത്തുകാരി സുധ മേനോൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് നടത്തിയതും ഇത്തരുണത്തിൽ പ്രസക്തമാണ്. കൂട്ടിൽ നിന്നും കൂട്ടത്തിൽ നിന്നും വിസർജിക്കുന്ന, പറന്നുയരാൻ വെമ്പൽകൊണ്ട് നിൽക്കുന്ന, ഈ കിളിയെ ‘പറപ്പിക്കാൻ’ കോൺഗ്രസിൻറെ പ്രസിഡൻറ് മല്ലികാർജുന ഖാർഗെ നടപടിയെടുക്കണം. കോൺഗ്രസ്സ് പ്രവർത്തകരുടെയും നേതാക്കന്മാരുടെയും ആത്മാഭിമാനം ഉയത്തിപിടിക്കാൻ അത് അത്യന്താപേക്ഷിതമാണ്. വാക്ചാതുര്യമല്ല, മൂല്യമാണ് നേതാവിന്റെ യോഗ്യത.

നിങ്ങൾക്ക് കോൺഗ്രസിൽ നിൽക്കാനോ ബിജെപിയിൽ ചേരാനോ മറ്റു പാർട്ടികളിൽ പ്രവർത്തിക്കാനോ ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം തരുന്നുണ്ട്. കോൺഗ്രസിൻറെ ആശയങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് മാന്യതയോടെ പടി ഇറങ്ങാം. അതിലൊരു അന്തസ്സുണ്ട്. പക്ഷേ നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഈ ഏർപ്പാട് രാഷ്ട്രീയ നെറികേടാണ്. നിങ്ങളെപ്പോലെ ഒരു വ്യക്തിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല. നിങ്ങളെ ആരാധനയോടെ കണ്ടിരുന്ന, ബഹുമാനത്തോടെ സ്വീകരിച്ചിരുന്ന ഞങ്ങളെപ്പോലുള്ള സാധാരണ പ്രവർത്തകർക്ക് ഇത് വേദനയുണ്ടാക്കുന്നു. ഞങ്ങളുടെ ഉള്ളിൽ നിങ്ങളോട് വെറുപ്പിന്റെ കടൽ ഇരമ്പുന്നു.

രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ ഒരു കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ. ജീവിതത്തിൽ കണ്ണീരോടെ വിറങ്ങലിച്ചു നിന്ന ഒരു ഇന്നലെ നിങ്ങൾക്കുണ്ടായിരുന്നു. നിങ്ങളെ ഇല്ലായ്മചെയ്യുവാൻ കാവി ഭരണകൂടം എല്ലാ ആയുധങ്ങളും ഒരുക്കിവെച്ചിരുന്ന ഒരു കാലം. നിങ്ങളുടെ വീട്ടിൽ കയറി വരാൻ പോലും ആളുകൾ മടിച്ചിരുന്ന സമയത്ത് നിങ്ങൾക്ക് ഇടംവലം നിന്ന് സംരക്ഷണം ഒരുക്കിയ ഒരു പാർട്ടിയെയും പാർട്ടി പ്രവർത്തകരെയുമാണ് നിങ്ങൾ പിന്നിൽനിന്ന് കുത്തുന്നത് എന്ന് ഓർത്താൽ നന്ന്. ഇനിയുള്ള കാലം ജനം നിങ്ങളെ ഓർക്കുന്നത് 'വിശ്വ ചതിയൻ' എന്നായിരിക്കും.

ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ സ്നേഹത്തോടെയും അഭിമാനത്തോടെയും കൊണ്ടുനടന്ന ഒരു പേര് - 'ശശി തരൂർ', അതിന്ന് അറപ്പിന്റെയും വെറുപ്പിന്റെയും വാക്കായി മാറിയിരിക്കുകയാണ്. The shaitans are waiting , you go to hell Mr. Tharoor

ശശി തരൂരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഉമ്മൻചാണ്ടിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ. ജോജി ജോർജ് ജേക്കബ്
''ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം''; ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം

ശശി തരൂരിൻ്റെ മോദി സ്തുതിയിൽ കോൺഗ്രസ് മുഖപത്രം നേരത്തെ ആഞ്ഞടിച്ചിരുന്നു. വാഴ്ത്തുപാട്ടുകളിലൂടെ വ്യക്തമാകുന്നത് തരൂരിൻ്റെ അവസരവാദ നിലപാടെന്ന് ലേഖനം പറയുന്നു. 'ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം'' എന്ന പേരില്‍ രാഷ്ട്രീയകാര്യ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാം എഴുതിയ ലേഖനത്തില്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്. അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് തരൂര്‍ ലേഖനമെഴുതിയതില്‍ കോണ്‍ഗ്രസിനകത്ത് പ്രതിഷേധമുണ്ടായിരുന്നെങ്കിലും നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല. ഈ വിവാദം നില്‍ക്കുന്നതിനിടെ തന്നെ തരൂര്‍ വീണ്ടും മോദി സ്തുതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതു രണ്ടും അടിസ്ഥാനമാക്കിയാണ് വീക്ഷണത്തിലെ ലേഖനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com