KERALA

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ! പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മഴ സാഹചര്യം കണക്കിലെടുത്ത് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതിനാൽ അപകട സാധ്യതകൾ കൂടുതലാണെന്നും കടുത്ത ജാഗ്രത വേണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം അതിശക്ത മഴ ലഭിക്കുമെന്ന് വിലയിരുത്തുന്ന കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ റിപ്പോർട്ട് പ്രകാരം നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. തീര മേഖലകളിലും കാലവർഷം ശക്തമായി അനുഭവപ്പെടുമെന്നിരിക്കെ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ശക്തമായ തിരയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഒരുകാരണവശാലും കടലിൽ പോകരുതെന്നും, വള്ളങ്ങൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിടണമെന്നും ദേശീയ സമുദ്രസ്ഥിതിപഠനകേന്ദ്രം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT