ഉത്തരവ് ഇടുക്കി ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം Source: News Malayalam 24x7
KERALA

ഇതുവരെ കൊന്നത് ഒരു കാട്ടുപന്നിയെ മാത്രം; വനംവകുപ്പ് ഉത്തരവ് ഇടുക്കി ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം

ഉത്തരവിൻ്റെ കാലാവധി അവസാനിക്കാൻ ആറ് മാസം മാത്രമാണ് ബാക്കിയുള്ളത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന ഉത്തരവ് ഇടുക്കി ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം. ഉത്തരവിൻ്റെ കാലാവധി അവസാനിക്കാൻ ആറ് മാസം മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം കാട്ടുപന്നി ശല്യമുള്ള ജില്ലയിൽ, സർക്കാർ കണക്കിൽ ഒരു കാട്ടുപന്നിയെ മാത്രമാണ് വെടിവച്ച് കൊന്നത്. ഇരുപതോളം കാട്ടുപന്നികളെ വെടിവച്ച് കൊന്നിട്ടുണ്ടെന്നും, അത് കണക്കിൽ ഉൾപ്പെട്ടിട്ടില്ലെന്നുമാണ് അധികൃതരുടെ വാദം.

അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന ഉത്തരവിന്റെ കാലാവധി 2026 മേയ് 28 വരെയാണ്. എന്നാൽ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിലെ പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം ഇപ്പോഴും അതിരൂക്ഷമാണ്. ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിൽ ഒരു കാട്ടുപന്നിയെ മാത്രമാണ് വെടിവെച്ചു കൊന്നത് എന്നാണ് വനം വകുപ്പിന്റെയും പഞ്ചായത്തിന്റെയും ഔദ്യോഗിക കണക്ക്.

തദ്ദേശ സ്ഥാപനങ്ങളിൽ ഷൂട്ടർമാരുടെ അഭാവവും ലൈസൻസുള്ള തോക്കുടമകളുടെ കുറവുമാണ് കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് പ്രധാന പ്രതിസന്ധി. അനുമതിയോടെ വെടിവെച്ചശേഷം പന്നി ഓടി മറ്റൊരു പഞ്ചായത്ത് പരിധിയിൽ എത്തി ചത്തുവീണാൽ ഉണ്ടാകുന്ന നൂലമാലകളും ചെറുതല്ല. വെടിയേൽക്കുന്ന അപകടകാരിയായ കാട്ടുപന്നി ഗർഭിണിയാണെങ്കിൽ ഷൂട്ടർക്ക് ഉണ്ടാകുന്ന നിയമ നടപടികൾ ഗുരുതരമാണ്. ഏറെ പ്രയോജനം ചെയ്യേണ്ട ഉത്തരവ് കാര്യക്ഷമമായി ഇടുക്കിയിൽ നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ഷൂട്ടർമാർക്കുള്ള ഓണറേറിയം 1500 രൂപയായും ജഡം മറവു ചെയ്യുന്നതിനു ചെലവ് 2000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം നാല് തവണ കേന്ദ്രം തള്ളിയിരുന്നു. കേന്ദ്രാനുമതി ലഭിച്ചാൽ കാട്ടുപന്നി ശല്യത്തിന് അതിവേഗം പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ജുലൈ 31 വരെ സംസ്ഥാനത്ത് അകെ 4734 കാട്ടുപന്നികളെയാണ് വെടിവച്ച് കൊന്നത് എന്നാണ് കണക്ക്. 1457 കാട്ടുപന്നികളെ വെടിവച്ച് കൊന്ന പാലക്കാട് ജില്ലയാണ് ഒന്നാമത്. 2011 മുതൽ ഇതുവരെ സംസ്ഥാനത്ത് 70 പേരാണ് കാട്ടുപന്നിയാക്രമണത്തിൽ മരിച്ചത്.

SCROLL FOR NEXT