തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും സംരക്ഷിക്കാന്‍ ഉറപ്പിച്ച് യുഡിഎഫ്. ആദ്യഘട്ടത്തില്‍ രാഹുലിനെതിരെ നിലപാടെടുത്ത നേതാക്കളടക്കം രാഹുലിന് വേണ്ടി പരസ്യമായി രംഗത്തെത്തി തുടങ്ങി. രാഹുലിനെതിരെയുള്ള പ്രതിഷേധത്തെ പ്രതിരോധിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് നേതാക്കളുടെ നിലപാട് മാറ്റം. എന്നാല്‍, സഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
രാഹുലിനെതിരായ ആരോപണങ്ങളില്‍ ഒരാള്‍ പോലും പരാതിയുമായി വന്നിട്ടില്ല എന്നതില്‍ ഊന്നിയാണ് യുഡിഎഫ് നേതാക്കളുടെ പ്രതിരോധം. ആരോപണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തന്നെ പറഞ്ഞ് വച്ചു. ഇതിന് പിന്നാലെ രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് എടുക്കും മുൻപ് രംഗത്ത് വന്ന വനിത നേതാക്കളെ തള്ളി എം.എം. ഹസനും രംഗത്തെത്തി.
മാധ്യമങ്ങളില്‍ ആദ്യഘട്ടത്തില്‍ വന്ന് പോയ ആരോപണങ്ങളല്ലാതെ രാഹുലിനെതിരെ തുടര്‍ ആരോപണങ്ങള്‍ ഇല്ല എന്നതും നേതാക്കള്‍ ചൂണ്ടികാട്ടുന്നു. സമാനമായ ലൈംഗിക ആരോപണത്തില്‍ അറസ്റ്റിലാവുക വരെ ചെയ്ത ഭരണപക്ഷത്തെ നേതാക്കൾക്ക് കിട്ടുന്ന പ്രിവിലേജ് രാഹുലും അർഹിക്കുന്നുണ്ട്. അതിന് പാർട്ടിയോ മുന്നണിയോ തടസമായി നില്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കള്‍.
ആരോപണങ്ങള്‍ പ്രതിരോധിക്കാതെ ഇരുന്നാൽ അത് പാർട്ടിക്കും മുന്നണിക്കും ക്ഷീണം ചെയ്യും. പാർട്ടിയിൽ നിന്ന് മാറ്റി നിര്‍ത്തിയത് രാഹുലിന് നൽകാവുന്ന പരമാവധി ശിക്ഷയായാണ് നേതാക്കള്‍ ഒന്നടക്കം വിലയിരുത്തുന്നത്.
അതേസമയം, നിയമസഭയിൽ എത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുക്കട്ടെയെന്നാണ് യുഡിഎഫ് നിലപാട്. തൽക്കാലം അവധിക്ക് അപേക്ഷ നല്‍കി മാറി നില്‍ക്കുന്നതാണ് നല്ലതെന്നതാണ് ഒരു വിഭാഗം നേതാക്കളുടെ ഉപദേശം. എന്നാല്‍, രാഹുല്‍ നിയമസഭയില്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ പ്രതിഷേധങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതുമില്ലെന്നാണ് ധാരണ.