ആര്‍. ശ്രീലേഖ Source: Screengrab
KERALA

"ഞായറാഴ്ച വരെ കാത്തിരിക്കൂ... എനിക്ക് പറയാനുള്ളതുകൂടി കേൾക്കൂ"; രാജി പ്രഖ്യാപനത്തില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

സെപ്റ്റംബര്‍ 30ന് ശ്രീലേഖ രാജിക്കത്ത് മേയര്‍ വി.വി. രാജേഷിന് കൈമാറിയെന്നായിരുന്നു വാര്‍ത്തകള്‍

Author : ന്യൂസ് ഡെസ്ക്

താൻ രാജിവച്ചു എന്ന തരത്തിൽ വാര്‍ത്തകള്‍ വന്നതില്‍ വിശദീകരണത്തിനൊരുങ്ങി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. ഇക്കാര്യത്തില്‍ പറയാനുള്ളത് ഞായറാഴ്ച പറയുമെന്ന് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 30ന് ശ്രീലേഖ രാജിക്കത്ത് മേയര്‍ വി.വി. രാജേഷിന് കൈമാറിയെന്നായിരുന്നു വാര്‍ത്തകള്‍.

"ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജിവെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളതുകൂടി കേൾക്കൂ..." എന്നാണ് ശ്രീലേഖയുടെ ഫേസ്ബുക്കില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോഴും അസുഖം പൂർണമായി ഭേദമായിട്ടില്ല... വീഡിയോ എടുക്കാൻ സമയം വേണം. കൂടാതെ കുറെയേറെപ്പേർ ചോദിക്കുന്നുമുണ്ട്... എന്ന വിവരം കമന്റായും ശ്രീലേഖ ചേര്‍ത്തിട്ടുണ്ട്.

സെപ്റ്റംബര്‍ 30ന് ശ്രീലേഖ മേയര്‍ക്ക് രാജിക്കത്ത് കൈമാറിയ വിവരം മൂന്നു ദിവസങ്ങള്‍ക്കിപ്പുറമാണ് വാര്‍ത്തയായത്. രാജിക്കത്ത് നല്‍കിയതായി വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച വിവരമാണ് പുറത്തായത്. അതേസമയം, അങ്ങനെയൊരു രാജി ഇല്ലെന്നായിരുന്നു ബിജെപി ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍, രാജിക്കത്ത് ലഭിച്ചതായി മേയര്‍ പിന്നീട് സ്ഥിരീകരിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് രാജി എന്നു പറയുമ്പോഴും, മേയര്‍ സ്ഥാനം നല്‍കാത്തതിലും, ദേശീയ വനിതാ കമ്മീഷന്‍ അംഗം ആക്കാത്തതിലും ഉള്‍പ്പെടെ അതൃപ്തി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു.

ആരോഗ്യപരമായ ആശങ്കകകളാണ് ശ്രീലേഖയെ അത്തരമൊരു തീരുമാനത്തില്‍ എത്തിച്ചതെന്നും നേതാക്കളുടെ ഭാഗത്തുനിന്ന് വിശദീകരണങ്ങള്‍ വന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായ ശ്രീലേഖയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ബിജെപി സംസ്ഥാന നേതൃത്വം തന്നെ ശ്രീലേഖയെ അനുനയിപ്പിച്ചു. ഇതോടെ, രാജിക്കത്ത് കൈമാറിയെന്ന മെസേജ് വാട്സാപ്പ് ഗ്രൂപ്പില്‍നിന്ന് ശ്രീലേഖ പിന്‍വലിക്കുകയും ചെയ്തു.

ശ്രീലേഖയുടെ രാജി പ്രഖ്യാപനം ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് ശ്രീലേഖ രാജിവെച്ചാൽ ഭൂരിപക്ഷം നഷ്ടപ്പെടുമായിരുന്നു. ഇതേത്തുടര്‍ന്നാണ് അനുനയ നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വം തന്നെ മുന്നോട്ടുവന്നത്.

SCROLL FOR NEXT