Source: News Malayalam 24x7
KERALA

സർക്കാർ ഓഫീസുകളിലെ പ്രവൃത്തിദിനം അഞ്ചാക്കണോ? സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

ഡിസംബർ അഞ്ചിന് വൈകിട്ട് ഓൺലൈനായി യോഗം ചേരും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് ചർച്ച ചെയ്യാൻ യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയാണ് സർവീസ് സംഘടനകളുടെ യോഗം വിളിച്ചത്. ഡിസംബർ അഞ്ചിന് വൈകിട്ട് ഓൺലൈനായി യോഗം ചേരും.

സർക്കാർ ഓഫീസുകളിൽ പ്രവൃത്തിദിനങ്ങള്‍ അഞ്ചായി കുറച്ച് സമയം കൂട്ടാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരമായി നിലവിലെ പ്രവൃത്തി സമയം വര്‍ധിപ്പിക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട ആലോചന നടക്കുന്നത്. മുന്‍പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്ന ആലോചനയുണ്ടായിരുന്നു.

നിലവില്‍ ഏഴ് മണിക്കൂറാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. നഗരങ്ങളില്‍ 10.15 മുതല്‍ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളില്‍ പത്ത് മുതല്‍ അഞ്ച് വരെയുമാണ് പ്രവൃത്തി സമയം. ഇത് മാറ്റുകയാണെങ്കില്‍ 10.15ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15നോ 9.30നോ ആരംഭിക്കുകയും വൈകുന്നേരം 5.30 അല്ലെങ്കില്‍ 5.45 വരെയാക്കുകയും ചെയ്യേണ്ടി വരും.

SCROLL FOR NEXT