തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ വര്‍ഗീയവാദിയെന്ന് വിളിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലുള്ള അധിക്ഷേപങ്ങളില്‍ പ്രതികരണവുമായി ഗവേഷകനും എഴുത്തുകാരനുമായ എം ലുഖ്മാന്‍. വിഎസ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഒക്കെയായി ഇരുന്ന കാലത്ത് തന്നെയാണ്, മുസ്ലിം സമുദായം അന്തസ്സോടെ ഇവിടെ ജീവിച്ചുപോന്നതെന്ന് ലുഖ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കേരളത്തിലെ മതേതരത്വം കൂടുതല്‍ ശക്തിയോടെ നിലനിന്നു. സംഘപരിവാറിനോട്, വിഎസ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സിപിഐഎം സ്വീകരിച്ച നിശിതമായ നിലപാട് അതിനൊരു പ്രധാന നിമിത്തവുമാണെന്നും എം. ലുഖ്മാന്‍ കൂട്ടിച്ചേര്‍ത്തു.
'വിഎസിനു ആദരവുകള്‍. കടുത്ത വര്‍ഗീയവാദി എന്നൊക്കെ പറഞ്ഞു ആക്ഷേപിക്കുന്നവരെ നിറയെ കാണുന്നുണ്ട്. വിഎസ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഒക്കെയായി ഇരുന്ന കാലത്ത് തന്നെയാണ്, മുസ്ലിം സമുദായം അന്തസ്സോടെ ഇവിടെ ജീവിച്ചുപോന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കേരളത്തിലെ മതേതരത്വം കൂടുതല്‍ ശക്തിയോടെ നിലനിന്നത്. സംഘപരിവാറിനോട്, വി എസ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സിപിഐഎം സ്വീകരിച്ച നിശിതമായ നിലപാട് അതിനൊരു പ്രധാന നിമിത്തവുമാണ്,' ലുഖ്മാന്‍ കുറിച്ചു.
പ്രായം എണ്‍പത് പിന്നിട്ട ശേഷം ഉപദേശകരുടെ ആധിക്യത്തില്‍ വിഎസ് ഉണ്ടായിരുന്ന കാലത്ത്, വാക്കുകളില്‍ വന്ന ചില പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഇപ്പോള്‍ യോഗിയുമായി തുലനം ചെയ്യുന്നവര്‍, ലക്ഷ്യം വെക്കുന്ന ഒരു കേരളം ഉണ്ട്. വര്‍ഗീയവാദികളുടെ സ്വരവും ശരീരവും കൂടുതല്‍ ദൃശ്യമാകുന്ന കേരളം. അതിനെ പ്രതിരോധിക്കുക എന്നതായിരിക്കണം വി എസിനു അര്‍പ്പിക്കുന്ന ആദരാഞ്ജലികളുടെ തുടര്‍ച്ചകള്‍ ആയി സംഭവിക്കേണ്ടതെന്നും ലുഖ്മാന്‍ കുറിച്ചു.
വിഎസ് അച്യുതാനന്ദന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ വലിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് എം. ലുഖ്മാന്റെ പോസ്റ്റ്. നേരത്തെ വിഎസിനെ വര്‍ഗീയവാദിയെന്ന് വിളിച്ച് ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസീന്‍ അഹമ്മദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഡിവൈഎഫ്‌ഐ വണ്ടൂര്‍ മേഖലാ സെക്രട്ടറി പി. രജീഷിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് യാസീനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മലപ്പുറം വണ്ടൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. യാസീന്‍ അഹമ്മദിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.
'മലപ്പുറത്തെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ച് ജയിച്ചവരാണ് എന്ന് പറഞ്ഞ അപകടകരമായ മുസ്ലീം വിരുദ്ധ വര്‍ഗീയ വിഷം ചീറ്റി യോഗിക്കും അമിത് ഷായ്ക്കും തുടങ്ങി എല്ലാ വര്‍ഗീയ വാദികള്‍ക്കും റഫറന്‍സുകള്‍ നല്‍കിയ, എത്രയോ മക്കളെ അനാഥരാക്കിയ പല കൂട്ടക്കൊലകള്‍ക്കും നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് തീവ്രവാദി വിഎസ് കേരളം ഇസ്ലാമിക രാജ്യമാവാന്‍ കാത്തു നില്‍ക്കാതെ പടമായി. ആദരാഞ്ജലികള്‍. നബി: ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയ വാദി തന്നെ,' എന്നായിരുന്നു യാസീന്‍ അഹമ്മദിന്റെ പോസ്റ്റ്.
അതേസമയം വിഎസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരൂര്‍ നെടുംപറമ്പ് സ്വദേശി അനൂപ് .വി യെ ആണ് നഗരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.