കണ്ണൂർ: ചാരിറ്റിയുടെ പേരിൽ ഫേസ്ബുക്കിൽ നിന്ന് ലഭിച്ച ക്യുആർ കോഡ് വഴി തട്ടിപ്പ്. കണ്ണൂർ ഉളിയിൽ സ്വദേശി എൻ.എൻ. റഷീദിന് നഷ്ടമായത് 90,000 രൂപയാണ്. ക്യു ആർ കോഡ് സ്കാൻ ചെയ്തതോടെ ആരോ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം പിൻവലിക്കുകയായിരുന്നു.
രണ്ട് തവണയായി പണം പിൻവലിച്ചെന്ന് റഷീദ് പറഞ്ഞു. സമാന അനുഭവം തലശേരി സ്വദേശിക്കും സംഭവിച്ചു. ഫോൺ തനിയെ റീ സെറ്റായതിന് പിന്നാലെയാണ് തലശേരി സ്വദേശി മുഹമ്മദ് റോഷന് പണം നഷ്ടമായത്. 98,010 രൂപയാണ് നഷ്ടപ്പെട്ടത്.
സൈബർ തട്ടിപ്പുകൾ തടയാൻ
ക്യു ആർ കോഡ് സ്കാൻ ചെയ്ത ശേഷം പണം അയക്കുന്നതിന് മുൻപ് യുപിഐ ആപ്പിൽ തെളിയുന്ന സ്വീകർത്താവിൻ്റെ പേര് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന രോഗിയുടേതോ ട്രസ്റ്റിൻ്റെതോ ആണെന്ന് ഉറപ്പുവരുത്തുക.
സോഷ്യൽ മീഡിയയിൽ കാണുന്ന വൈകാരികമായ വീഡിയോകളിലെ ക്യു ആർ കോഡുകൾ നേരിട്ട് സ്കാൻ ചെയ്യുന്നതിന് പകരം ആ പോസ്റ്റിൻ്റെ ആധികാരികത അന്വേഷിക്കുക.
ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെടുകയോ പണം നഷ്ടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിക്കുകയോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി നൽകുകയോ ചെയ്യുക.