മരിച്ച മിഥുൻ Source: News Malayalam 24x7
KERALA

കാട്ടുപന്നിയെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കിയ നിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി കുടുംബം

മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വടക്കാഞ്ചേരിയിൽ കാട്ടുപന്നിയെ വേട്ടയാടി കൊന്ന് ഇറച്ചി വിൽപ്പന നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവ് ജീവനൊടുക്കിയ നിലയിൽ. പൂങ്ങോട് സ്വദേശി മിഥുൻ(30) ആണ് മരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് മിഥുൻ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി.

ഇന്നലെ രാത്രി മുതലാണ് മിഥുനെ കാണാതായത്. രാവിലെ നടത്തിയ തിരച്ചിലിൽ അയൽവാസിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കാട്ടുപന്നിയെ വേട്ടയാടി കൊന്ന കേസിൽ പൂങ്ങോട് സ്വദേശി മിഥുൻ അടക്കം മൂന്ന് പേരെ വടക്കാഞ്ചേരി റേഞ്ച് ഓഫീസർ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ഇവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥർ ഫോറസ്റ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മിഥുൻ്റെ ഫോൺ പിടിച്ചെടുത്തെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ആത്മഹത്യക്ക് കാരണം വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മിഥുൻ്റെ ബന്ധുക്കളുമായി സംസാരിച്ചു. തുടർന്ന് സബ് കളക്ടർ അഖിൽ വി. മേനോൻ നേരിട്ടെത്തി ചർച്ച നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ കുടുംബവും നാട്ടുകാരും തയ്യാറായത്.

മിഥുന്റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ്- ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം കുടുംബത്തിൻ്റെ ആരോപണം തള്ളുകയാണ് വടക്കാഞ്ചേരി റെയിഞ്ച് ഓഫീസർ അശോക് രാജ്.മരണത്തിൽ പങ്കില്ലെന്ന് അശോക് രാജ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT