റോഡിൽ കത്തിവീശി യുവാവിൻ്റെ പരാക്രമം 
KERALA

റോഡിൽ കത്തിവീശി യുവാവിൻ്റെ പരാക്രമം; വാഹനം തട്ടിയത് നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന്

സ്റ്റാന്‍ വര്‍ഗീസിൻ്റെ കാർ മറ്റൊരു കാറുമായി ഇടിച്ച് അപകടം ഉണ്ടായതിനെ തുടർന്നാണ് യുവാവ് കത്തി വീശി പരിഭ്രാന്തി പരത്തിയത്.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: ഈരാറ്റുപേട്ടയിൽ വാഹനാപകടത്തെ തുടർന്ന് നാട്ടുകാർക്ക് നേരെ കത്തി വീശി യുവാവിൻ്റെ പരാക്രമം. ചേന്നാട് കവലയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്റ്റാന്‍ വര്‍ഗീസിൻ്റെ കാർ മറ്റൊരു കാറുമായി ഇടിച്ച് അപകടം ഉണ്ടായി.

ഇത് കാറിലുണ്ടായിരുന്നവരും നാട്ടുകാരും ചോദ്യം ചെയ്തതോടെ ഇയാൾ റോഡിൽ നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ സ്റ്റാൻ വർഗീസ് കത്തി വീശി ഭീതി പരത്തി.

തിരുവല്ലയിൽ മോഷണം നടത്തിയ ശേഷം മുങ്ങി നടക്കുകയായിരുന്നു ഇയാൾ. കാറിൽ ഇയാൾക്കൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. ഇയാൾ റോഡിൽ കിടന്ന് ബഹളം വച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും, സ്റ്റാൻ വർഗീസിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മോഷണക്കേസിലെ പ്രതിയായ ഇയാൾ ഈരാറ്റുപേട്ടയിലെത്തുമെന്ന് വിവരം ലഭിച്ചതോടെ പൊലീസ് കാത്തുനിൽക്കുകയായിരുന്നു. പൊലീസിനെ പറ്റിച്ച് സ്പീഡിൽ കാറ് ഓടിച്ച് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്റ്റാൻ വർഗീസിനെതിരെ മൂന്നോളം കേസുകളുണ്ടെന്നാണ് വിവരം. ഇയാളുടെ വാഹനത്തിൽ നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

SCROLL FOR NEXT