KERALA

യങ് സ്കോളർ പരീക്ഷാ വിവാദം: "ഇനിയെങ്കിലും മിണ്ടിയില്ലെങ്കിൽ ലീഗ് ആപ്പീസിൽ സവർക്കറുടെ ചിത്രം ഉയരും"; പരിഹസിച്ച് എസ്.എഫ്.ഐ

കോൺഗ്രസ്‌ സർക്കാർ സംഘികളെ മന്ത്രിമാരുടെ ഓഫീസിൽ നിയമിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യവുമായി പി.എസ്. സഞ്ജീവാണ് രംഗത്തുവന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിൻ്റെ സ്‌കോളർഷിപ്പ് മത്സരം സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയ സംഭവത്തിൽ മന്ത്രിയെ പരിഹസിച്ച് എസ്.എഫ്.ഐ. കോൺഗ്രസ്‌ സർക്കാർ സംഘികളെ മന്ത്രിമാരുടെ ഓഫീസിൽ നിയമിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യവുമായി പി.എസ്. സഞ്ജീവാണ് രംഗത്തുവന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പ്രകാരമുള്ള ഈ ആർഎസ്എസ് പരിപാടി എങ്ങനെയാണ് ലീഗ് മന്ത്രിയുള്ള വിദ്യാഭ്യാസ പ്രൊജക്ടിൻ്റെ ഭാഗമായി അവതരിപ്പിച്ചതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു. കേരളത്തിലെ ലീഗ് അനുഭാവികളും പ്രവർത്തകരും ഇനിയെങ്കിലും മിണ്ടിയില്ലെങ്കിൽ കോഴിക്കോട്ടെ ലീഗ് ആപ്പീസിൽ വൈകാതെ സി.എച്ചിന് പകരം സവർക്കറുടെ ചിത്രം ഉയരുമെന്നും എസ്.എഫ്.ഐ നേതാവ് പരിഹസിച്ചു.

പി.എസ്. സഞ്ജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കോൺഗ്രസ്‌ സർക്കാർ സംഘികളെ മന്ത്രിമാരുടെ ഓഫീസിൽ നിയമിച്ചാൽ എന്ത് സംഭവിക്കും? ലീഗ് മന്ത്രിയുടെ വക ആർഎസ്എസ് പരിവാർ സംഘടനക്ക് സ്കോളർഷിപ്പ് പദ്ധതി. വാർത്ത ചുവടെ

*സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ സ്‌കോളർഷിപ്പ് മത്സരം സംഘടിപ്പിക്കാൻ അനുമതി നൽകും

*ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി. സംഘപരിവാർ സംഘടനയാണ് മേൽ പറഞ്ഞ സംഘടന

*യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി യംഗ് സ്കോളർ എക്സാം എന്ന പേരിലാണ് സ്കോളർഷിപ്പ് പദ്ധതി. അതായത് എല്ലാ സർക്കാർ, എയിഡഡ് സ്കൂളുകളിലും ഈ സംഘി ക്യാമ്പയിൻ നടക്കും.

*ദേശീയ അധ്യാപക പരിഷത്ത് മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്

*ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി മാസിക

സിനിമാ താരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ,

*ഇതാദ്യമായാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി NTUവിൻ്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുന്നത് .

ഇതാണ് വാർത്ത. ഇനി അറിയേണ്ടത് ഈ വിവരം എൻ. ഷംസുദ്ദീൻ എന്ന ലീഗ് മന്ത്രി അറിഞ്ഞിട്ടുണ്ടോ എന്നാണ്? പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുപ്രകാരമുള്ള ഈ RSS പരിപാടി എങ്ങനെയാണ് ലീഗ് മന്ത്രിയുള്ള വിദ്യാഭ്യാസ പ്രോജെക്ടിന്റെ ഭാഗമായി അവതരിപ്പിച്ചത്?

കേരളത്തിലെ ലീഗ് അനുഭാവികളും പ്രവർത്തകരും ഇനിയെങ്കിലും മിണ്ടിയില്ലെങ്കിൽ കോഴിക്കോട്ടെ ലീഗ് ആപ്പീസിൽ വൈകാതെ സി. എച്ചിന് പകരം സവർക്കറുടെ ചിത്രം ഉയരും.

SCROLL FOR NEXT