കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്നു വീട്ടമ്മ മരിച്ചതായി ആരോപണം. ഹെര്‍ണിയയുടെ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയ ചങ്ങനാശേരി പുതൂര്‍പ്പള്ളി സ്വദേശിനി ഹസീന (49) ആണു മരിച്ചത്. ആദ്യ ശസ്ത്രക്രിയയ്‌ക്കു പിന്നാലെ, പനിയും ആരോഗ്യപ്രശ്നങ്ങളെയും തുടര്‍ന്ന് ഹസീനയെ പീന്നീടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഓപ്പണ്‍ ശസ്ത്രക്രിയ നടത്തിയെന്നും പിന്നാലെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ മാസം 18നായിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹസീനയുടെ താക്കോൽ ദ്വാര ശസ്ത്രക്രിയ. മൂന്നു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തെങ്കിലും, കടുത്ത പനിയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായി വീട്ടിലെത്തിയ ഹസീനയ്‌ക്ക് വീണ്ടും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് 28ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന്, വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തി. ചികിത്സയ്ക്കിടെ ആരോഗ്യനില മോശമായി മരണം സംഭവിച്ചെന്നുമാണ് ബന്ധുക്കളുടെ ആക്ഷേപം. കൃത്യമായ തുടര്‍ ചികിത്സയോ, പരിചരണമോ ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഹസീനയുടെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.
അതേസമയം, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടായ അണുബാധയിലാണ് പനിയുണ്ടായതെന്നാണ് വിശദീകരണം.