ബിജെപി നേതാക്കള്‍ കടയില്‍ കയറി മര്‍ദിച്ചതായി പ്രവര്‍ത്തകന്റെ പരാതി

അതേസമയം, മര്‍ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യുക മാത്രമായിരുന്നെന്നും ബിജെപി നേതാക്കളുടെ വിശദീകരണം
ബിജെപി നേതാക്കള്‍ കടയില്‍ കയറി മര്‍ദിച്ചതായി പ്രവര്‍ത്തകന്റെ പരാതി
Published on: 
Updated on: 

ഇരിങ്ങാലക്കുടയില്‍ ബിജെപി പ്രവര്‍ത്തകനെ പാര്‍ട്ടി നേതാക്കള്‍ തന്നെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി. സമൂഹമാധ്യമത്തില്‍ പാര്‍ട്ടി നേതൃത്വത്തെ കുറിച്ച് പോസ്റ്റ് ഇട്ടതിനെ ചോദ്യം ചെയ്തായിരുന്നു മര്‍ദനം. ഇരിങ്ങാലക്കുട എ.കെ.പി ജങ്ഷന്‍ സ്വദേശി ചാത്തമ്പിള്ളി വീട്ടിൽ ബൈജു കൃഷ്‌ണദാസിനാണ് (49) മർദനമേറ്റത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ആളൂർ മണ്ഡലം സെക്രട്ടറി പി.എസ്. സുബീഷ്, ജിതേഷ് മോഹൻ, അഖിലാഷ് വിശ്വനാഥൻ എന്നിവർ ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് ബൈജു പറഞ്ഞു. മർദനമേറ്റ ബൈജു ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു ആക്രമണം. ഒഴിവുസമയങ്ങളില്‍, സുഹൃത്തിന്റെ കടയില്‍ കാഷ്യറായി ജോലി ചെയ്യുന്നയാളാണ് ബെജു. അവിടെയെത്തിയായിരുന്നു മര്‍ദനം. ഇന്നലെ ബിജെപിയുടെ പ്രതിഷേധ പരിപാടി നടന്നിരുന്നു. അതില്‍ പങ്കെടുത്തവരാണ് മര്‍ദിച്ചതെന്ന് ബൈജു പറയുന്നു. പാര്‍‌ട്ടി നേതൃത്വത്തിന്റെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടിയും, തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിച്ചുവെന്നും, ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ബിജെപിക്ക് വോട്ടുചോര്‍ച്ച ഉണ്ടായെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബൈജു സമൂഹമാധ്യമത്തില്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. അത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. പരിക്കേറ്റ ബൈജു ആദ്യം തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇപ്പോള്‍ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 2020-2024 കാലത്ത് ബിജെപി ടൗണ്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു ബൈജു.

ബിജെപി നേതാക്കള്‍ കടയില്‍ കയറി മര്‍ദിച്ചതായി പ്രവര്‍ത്തകന്റെ പരാതി
പഞ്ചാബ് അതിർത്തിയിൽ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ സൈന്യം കൊലപ്പെടുത്തി; സംഭവം തരൺ തരൺ സെക്ടറിൽ

അതേസമയം, മര്‍ദിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സമൂഹ മാധ്യമത്തിലൂടെ പ്രധാനമന്ത്രിയെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നിരന്തരം പോസ്റ്റുകൾ ചെയ്തത് ചോദ്യം ചെയ്യുക മാത്രമാണ് നടന്നതെന്നും ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

News Malayalam 24x7
newsmalayalam.com