കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പിന്തുണയെ എതിർത്ത് യൂത്ത് കോൺഗ്രസ്. എതിർപ്പറിയിച്ച് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ടും. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇരുവരും എതിർപ്പറിയിച്ചത്.
തളിപ്പറമ്പിലേയും പയ്യന്നൂരിലേയും വിസ്മയം തീർക്കൽ അല്പം കൂടിപ്പോയെന്ന് രാഹുൽ വെച്ചിയോട്ട് ഫേസ്ബുക്കിൽ കുറിച്ചു. ഒരു കാലത്ത് തിരുത്തൽ ശക്തിയായിരുന്ന നേതാക്കന്മാർ സ്വയം തിരുത്തുന്നത് നന്നായിരിക്കും. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ വെച്ചിയോട്ടിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:
നേതാക്കളെ.....
തളിപ്പറമ്പിലേയും പയ്യന്നൂരിലേയും ഈ വിസ്മയം തീർക്കൽ അല്പം കൂടിപ്പോയി . പറയാതിരിക്കാൻ കഴിയില്ല . പാർട്ടിക്കുവേണ്ടി തല്ലുകൊണ്ടവരും വെയില് കൊണ്ടവരും പോസ്റ്റ്ർ ഒട്ടിച്ചവനും അഹോരാത്രം പണിയെടുത്തവരും എല്ലാം കോൺഗ്രസ് എന്ന ഒറ്റ വികാരം മനസ്സിൽ കൊണ്ടുനടന്നവരാണ് . മറുകണ്ടം ചാടി വരുന്നവർ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭക്തരാണ് -പിണറായി ഭക്തരാണ് .
ഒരുകാലത്ത് തിരുത്തൽ ശക്തിയായിരുന്ന നേതാക്കന്മാർ സ്വയം തിരുത്തുന്നത് നന്നായിരിക്കും. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും
ഇനിയും ചെണ്ടയായി മാറാൻ ഞങ്ങൾ തയ്യാറാണെന്നും പക്ഷേ മാരാർ ചമയുന്നത് ശത്രുക്കളാകരുതെന്നും വിജിൽ മോഹനൻ ഫേസ്ബുക്കിൽ കുറിച്ചു.
വിജിൽ മോഹനൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:
ഇനിയും ചെണ്ടയായി മാറാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ മാരാർ ചമയുന്നത് ശത്രുക്കളാകരുത്!
പോരാട്ടവീഥിയിൽ ലാത്തിയടികൾ ഏറ്റുവാങ്ങാൻ അണികൾ വേണം. ജയിലറകളിൽ ഇരുളടഞ്ഞ ദിവസങ്ങൾ തള്ളിനീക്കാൻ പോരാളികൾ വേണം.
ഇന്നലെ വരെ പാർട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലിൽ താങ്ങുമ്പോൾ, വർഷങ്ങളായി പാർട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീർ കാണാതെ പോകരുത്. ചുവടുമാറി വരുന്നവർക്ക് നൽകുന്ന പരിഗണന, പാർട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്.
അക്രമങ്ങളും അവഗണനകളും എത്രയുണ്ടായാലും മൂവർണ്ണകൊടി ഇടനെഞ്ചോട് ചേർത്തുപിടിച്ച് പ്രസ്ഥാനത്തിന് വേണ്ടി തെരുവിൽ പോരാട്ടം തുടരും