കോഴിക്കോട്: ലീഗ് സ്ഥാനാർഥി നിർണയത്തിൽ കടുത്ത എതിർപ്പുമായി വനിതാ ലീഗ്. വനിതാ ലീഗിനെ അവഗണിച്ചതായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പ്രതികരിച്ചു. ഫാത്തിമ തഹ്‌ലിയ, ജയന്തി രാജൻ എന്നിവർ വനിതാ ലീഗിന്റെ ഭാഗമല്ല. ഫാത്തിമ തഹ്‌ലിയ വനിതാ ലീഗിൽ വരാൻ തയ്യാറാകാത്തവരാണ്. ക്യാംപസ് പൊളിറ്റിക്സ് കഴിഞ്ഞിട്ടും വനിതാ ലീഗിൽ വന്നില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
പേരാമ്പ്രയിൽ അഡ്വ. പി കുത്സു ടീച്ചറെ പരിഗണിച്ചില്ലെന്നും നൂർബിന റഷീദ് പ്രതികരിച്ചു. സാദിഖലി തങ്ങളെ മുൾമുനയിൽ നിർത്തി പാർട്ടിയെ വെല്ലുവിളിച്ചവർക്കാണ് സ്ഥാനാർഥിത്വം. കോർപ്പറേഷനിൽ മത്സരിച്ചയാളെ വീണ്ടും നിർത്തുന്നത് എന്തിനാണ്. ഇത് എന്ത് സന്ദേശമാണ് നൽകുന്നത്. എന്ത് ചെയ്യണമെന്ന് വനിതാ ലീഗ് ആലോചിക്കുമെന്നും നൂർബിന റഷീദ് പറഞ്ഞു.
25 ഇടങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ലീഗ് പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് എം.കെ. മുനീർ ഇക്കുറി മത്സരത്തിനില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുനീറിനെ മത്സരരംഗത്ത് നിന്ന് മാറ്റിയത്. ഒൻപത് എംഎൽഎമാർ ഉൾപ്പെട്ട പട്ടികയിൽ പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്താണ് മത്സരിക്കുന്നത്. ചരിത്രത്തിലാദ്യമായി ലീഗ് പട്ടികയിൽ ഇക്കുറി രണ്ട് വനിതകൾ ഉൾപ്പെട്ടിട്ടുണ്ട്. ഫാത്തിമ തഹലിയ, ജയന്തി രാജൻ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച വനിതകൾ.