കൊച്ചി: തൃപ്പൂണിത്തുറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിലേക്ക് ചേരുന്നു. യൂത്ത് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് അഖിൽ രാജാണ് ഇന്ന് സിപിഐഎമ്മിൽ ചേരുക. ഗ്രൂപ്പ് പോര് രൂക്ഷമായതിനാലാണ് പാർട്ടി വിടുന്നതെന്ന് അഖിൽ രാജ് വ്യക്തമാക്കി. രാജു പി. നായർ തൃപ്പൂണിത്തുറയിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയാണെന്നും അഖിൽ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെയാണ് ഉദയം പേരൂർ മണ്ഡലം പ്രസിഡൻ്റ് സിപിഐഎമ്മിലേക്ക് ചേരുന്നത്. തൃപ്പുണിത്തുറയിൽ നിന്ന് നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിലേക്ക് ചേരുകയാണെന്നാണ് വിവരം.
ഇതിൻ്റെ ആദ്യഘട്ടമെന്നോണമാണ് അഖിൽ രാജിൻ്റെ പാർട്ടി പ്രവേശം. രാജു പി നായരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് പോരെന്ന് അഖിൽ പറയുന്നു. അഖിലിന് പിന്നാലെ നേരത്തെ രാജി വച്ച ആറ് മണ്ഡലം സെക്രട്ടറിമാരും ഉടൻ തന്നെ സിപിഐഎമ്മിലെത്തും.
അതേസമയം യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമന വിവാദത്തിൽ അബിൻ വർക്കിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ അർഹനായിരുന്നെന്നാണ് ചാണ്ടി ഉമ്മൻ്റെ പ്രസ്താവന. അബിന് വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണ്. താഴെ തട്ടിൽ നിന്ന് ഉയർന്ന് വന്ന ആളെ പരിഗണിക്കാമായിരുന്നു എന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.